
ദില്ലി: സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്. പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നതെന്നാണ് നോട്ടീസ്. ഇത്തരത്തിൽ സുപ്രീംകോടതിയിൽ സിറ്റിംഗ് നടത്തുന്നത് അപൂർവ നടപടിയാണ്.
പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയിൽപ്പെടുത്തിയത് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍തയാണെന്ന് നോട്ടീസിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സിറ്റിംഗ് ചേരുന്നത്. സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ് എന്ന് നോട്ടീസിൽ പറയുന്നു.
സാധാരണ ഒരാൾ ഹർജി നൽകുമ്പോഴോ, അല്ലെങ്കിൽ ഏതെങ്കിലും വിഷയം പരാമർശിക്കുമ്പോഴോ ആണ് കോടതികൾ ഒരു കേസ് പരിഗണിക്കുന്നത്. അല്ലെങ്കിൽ കത്തുകളോ അല്ലെങ്കിൽ ഏതെങ്കിലും രേഖകളോ സുപ്രീംകോടതിയ്ക്ക് പരിഗണിക്കാം. എന്താണ് സുപ്രീംകോടതിയുടെ അടിയന്തരസിറ്റിംഗിന് വിഷയമാകുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. എന്തായാലും അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍തയും കോടതിയിലുണ്ട്.
വിഷയം ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി?
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് കാരവനും സ്ക്രോളുമുൾപ്പടെയുള്ള ഓൺലൈൻ മാധ്യമങ്ങൾ ഒരു യുവതിയുടെ ലൈംഗികപീഡന പരാതി പുറത്തു വിട്ടിരുന്നു. ആ പരാതിയെക്കുറിച്ചാണ് അടിയന്തര സിറ്റിംഗ് എന്നാണ് സൂചനകൾ പുറത്തു വരുന്നത്.
35 വയസ്സുള്ള ഒരു യുവതിയാണ് ആരോപണമുന്നയിച്ചത്. 22 ജഡ്‍ജിമാർക്കാണ് പരാതി യുവതി നൽകിയിരിക്കുന്നത്. ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്‍റെ വസതിയിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.
നോട്ടീസ് ഇവിടെ:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam