
വാഷിംഗ്ടൺ: ഇറാന് എതിരെയുള്ള അമേരിക്കൻ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് നിർദേശം നൽകുന്ന പ്രമേയം യു.എസ് ജനപ്രതിനിധി സഭ പാസാക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിലാണ് ട്രംപിന് തിരിച്ചടിയായി 'വാർ പവേഴ്‌സ് പ്രമേയം' പാസായത്. 208-നെതിരെ 214 വോട്ടുകൾക്കാണ് പ്രമേയം സഭയിൽ വിജയിച്ചത്. ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് ജനപ്രതിനിധികൾ ഡെമോക്രാറ്റുകൾക്കൊപ്പം പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
വാഷിംഗ്ടണിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയായ പ്രമിള ജയപാൽ അവതരിപ്പിച്ച പ്രമേയമാണ് സഭയിൽ പാസായത്. യുഎസ് കോൺഗ്രസിന്‍റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇറാനെതിരെയുള്ള യു.എസ് സേനയുടെ എല്ലാവിധ യുദ്ധസമാന നടപടികളും ട്രംപ് അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. റിപ്പബ്ലിക്കൻ അംഗങ്ങളായ ടോം ബാരറ്റ് (മിഷിഗൺ), ബ്രയാൻ ഫിറ്റ്‌സ്പാട്രിക് (പെൻസിൽവാനിയ), വാറൻ ഡേവിഡ്‌സൺ (ഒഹായോ), തോമസ് മാസി (കെന്റക്കി) എന്നിവരാണ് സ്വന്തം പാർട്ടിയുടെ നിലപാട് തള്ളി പ്രമേയത്തെ അനുകൂലിച്ചത്. യു.എസ് സെനറ്റിലും സമാനമായ പ്രമേയത്തിൽ ഉടൻ വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്.
ഇറാനെതിരെയും യെമനിലെ ഹൂതികൾക്കെതിരെയും ശക്തമായ തിരിച്ചടി നൽകുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് സഭയിൽ വോട്ടെടുപ്പ് നടന്നത്. ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തിയതോടെയാണ് മേഖലയിലെ സ്ഥിതി വീണ്ടും രൂക്ഷമായത്. അതേസമയം, ഇടക്കാല വെടിനിർത്തൽ കരാർ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും ഇറാനിൽ യു.എസ് വ്യോമാക്രമണം തുടർന്നു. അയൽരാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ യുദ്ധ നയങ്ങൾക്കെതിരെ സഭയിൽ പ്രതിഷേധം ശക്തമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam