
ഭുവനേശ്വർ: ഡി ആർ ഡി ഒ വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ ഫ്ലൈറ്റ് ടെസ്റ്റ് വിജയം. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചത്. അതിവേഗത്തിലും ഉയരത്തിലും പറക്കുന്ന ശത്രുക്കളുടെ വ്യോമഭീഷണിയെ കൃത്രിമമായി പ്രതിഫലിപ്പിച്ച ഇലക്ട്രോണിക് ലക്ഷ്യത്തെ കൃത്യമായി കണ്ടെത്തുകയും വിജയകരമായി തകർക്കുകയുമായിരുന്നു.
യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ, വലിയ വിമാനങ്ങൾ എന്നിവയെ ഉയർന്ന ദൂരത്തിലും ഉയരത്തിലും വെച്ച് കൃത്യമായി തകർക്കാൻ ‘കുശ’ മിസൈൽ സംവിധാനത്തിന് സാധിക്കും. മിസൈലുകൾ, റഡാറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെ സിസ്റ്റത്തിലെ എല്ലാ പ്രധാന ഘടകങ്ങളും ഡി.ആർ.ഡി.ഒ ലെബോറട്ടറികളും അനുബന്ധ വ്യവസായ പങ്കാളികളും ചേർന്നാണ് വികസിപ്പിച്ചെടുത്തത്.
‘കുശ’ മിസൈലിന്റെ പരീക്ഷണം ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന മേഖലയിലെ ഏറ്റവും നിർണായകമായ നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ലോകത്തെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രം സ്വന്തമായുള്ള സാങ്കേതികവിദ്യയാണിത്. ഇതോടെ ഇത്തരത്തിലുള്ള മിസൈൽ സംവിധാനങ്ങൾക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും രാജ്യത്തിന്റെ വ്യോമസുരക്ഷാ ശേഷിയിലെ വലിയൊരു കുതിച്ചുചാട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോഞ്ച് സംബന്ധമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡി.ആർ.ഡി.ഒ ചെയർമാൻ രാജേഷ് കുമാർ സിംഗ് വിജയകരമായ പരീക്ഷണത്തിൽ പങ്കാളികളായ എല്ലാ ടീം അംഗങ്ങളെയും അഭിനന്ദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam