വാക്സീനിൽ ഇന്ത്യ-അമേരിക്ക സഹകരണം, ജോൺസൺ ആൻറ് ജോൺസൺ ഇന്ത്യൻ ക്ഷണം സ്വീകരിച്ചതായി നീതി ആയോഗ്

By Athira PNFirst Published May 14, 2021, 11:47 AM IST
Highlights

സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വാക്സീൻ ഉത്പാദനം ആലോചിക്കുന്നതായി യുഎസ് എംബസി അറിയിച്ചതായും നീതി ആയോഗ് വ്യക്തമാക്കി. 

ദില്ലി: കൊവിഡ് വാക്സീൻ ഉത്പാദനത്തിന് ഇന്ത്യയുമായി സഹകരിക്കാൻ അമേരിക്ക. ഇന്ത്യയുടെ ക്ഷണം വിദേശ മരുന്ന് നിർമ്മാണ കമ്പനിയായ ജോൺസൺ ആൻറ് ജോൺസൺ സ്വീകരിച്ചതായി നീതി ആയോഗ് അറിയിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വാക്സീൻ ഉത്പാദനം ആലോചിക്കുന്നതായി യുഎസ് എംബസി അറിയിച്ചതായും നീതി ആയോഗ് വ്യക്തമാക്കി. രാജ്യം വാക്സീൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വിദേശ കമ്പനി ഇന്ത്യയിൽ വാക്സീൻ നിർമ്മാണത്തിന് എത്തുന്നത് ആശ്വാസകരമായിരിക്കുമെന്ന നിലപാടാണ് നീതി ആയോഗ് മുന്നോട്ട് വെക്കുന്നത്. 

വാക്സീന്‍ ഇറക്കുമതി, അല്ലെങ്കില്‍ ഇന്ത്യയില്‍ ഉത്പാദനം എന്നീ രണ്ട് ആവശ്യങ്ങളാണ് വിദേശ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്ക് മുന്‍പാകെ ഇന്ത്യ ഉന്നയിച്ചത്. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ എന്നീ കമ്പനികളില്‍ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സൺ ഉത്പാദന സന്നദ്ധത അറിയിച്ചതായാണ് നീതി ആയോഗ് വ്യക്തമാക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഉത്പാദന നടപടികള്‍ ആലോചിക്കുന്നതായി യുഎസ് എംബസിയും അറിയിച്ചു. ബൈഡന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കാന്‍ സന്നദ്ധമാണെന്നും നീതി ആയോഗ് വ്യക്തമാക്കി.

അതേ സമയം ഫൈസര്‍, മൊഡേണ കമ്പനികളുടെ വാക്സീന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യും. ഡിസംബറോടെ വാക്സീന്‍ എത്തുമെന്നും നീതി ആയോഗ് അറിയിച്ചു. എഫ്‌ഡി എ അംഗീകാരമുള്ള ഏത് വാക്സീനും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാമെന്നും, സന്നദ്ധത അറിയിക്കുന്ന കമ്പനികള്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ഇറക്കുമതി ലൈസന്‍സ് നല്‍കുമെന്നുമാണ് കേന്ദ്രത്തിന്‍റെ നിലപാട്.

ഇതിനിടെ സംസ്ഥാനങ്ങളും മരുന്ന് കമ്പനികളും  നിരന്തര ആവശ്യമുന്നയിക്കുന്ന പശ്ചാത്തലത്തില്‍ കൊവാക്സിന്‍റെ നിര്‍മ്മാണ ഫോര്‍മുല കൈമാറാന്‍ ഭാരത് ബയോടെക്ക് സന്നദ്ധത അറിയിച്ചു. ബയോസെഫ്റ്റി ലെവല്‍ മൂന്ന് ലാബുള്ള ഏത് മരുന്ന് നിര്‍മ്മാണ കമ്പനിക്കും സമീപിക്കാമെന്ന് ഭാരത് ബയോടെക്ക് വ്യക്തമാക്കി.  ഇത്തരം കമ്പനികളിലെ നിര്‍മ്മാണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായം നല്‍കാമെന്ന് കേന്ദ്രവും വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!