
ജയ്പൂർ/ദില്ലി: വെറും 300 രൂപ വരുന്ന ആഭരണം ആറുകോടി രൂപക്ക് നൽകി യുഎസ് വനിതയെ രാജസ്ഥാനിലെ കടയുടമ കബളിപ്പിച്ചതായി പരാതി. കൃത്രിമ ആഭരണങ്ങൾ നൽകിയാണ് തന്നെ കബളിപ്പിച്ചതെന്ന് യുഎസ് വനിത പരാതിപ്പെട്ടു. രാജസ്ഥാനിലെ ജയ്പൂരിലെ ജോഹ്രി ബസാറിലെ ഒരു കടയിൽ നിന്നാണ് യുഎസുകാരിയായ ചെറിഷ് സ്വർണം പൂശിയ വെള്ളി ആഭരണങ്ങൾ വാങ്ങിയത്. ഈ വർഷം ഏപ്രിലിൽ യുഎസിൽ നടന്ന പ്രദർശനത്തിൽ ആഭരണങ്ങൾ പ്രദർശിപ്പിച്ചപ്പോഴാണ് ആഭരണം വ്യാജമാണെന്ന് തെളിഞ്ഞത്.
ഉടൻ തന്നെ അവർ ഇന്ത്യയിലേക്ക് തിരിച്ചു. ജയ്പൂരിലെത്തി താൻ ആഭരണം വാങ്ങി കടയുടെ ഉടമയായ ഗൗരവ് സോണിയെ കണ്ടു. യുവതിയുടെ ആരോപണം ഗൗരവ് നിഷേധിച്ചു. ഇതോടെ ചെറിഷ് ജയ്പൂരിൽ പരാതി നൽകി. യുഎസ് എംബസി അധികൃതരുടെ സഹായം തേടുകയും അവർ ഇക്കാര്യം അന്വേഷിക്കാൻ ജയ്പൂർ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. 2022-ൽ ഇൻസ്റ്റാഗ്രാം വഴി ഗൗരവ് സോണിയുമായി സമ്പർക്കം പുലർത്തിയതായി യുവതി പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി കൃത്രിമ ആഭരണങ്ങൾക്കായി ആറ് കോടി രൂപ നൽകിയെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഒളിവിലായ ഗൗരവിനും പിതാവ് രാജേന്ദ്ര സോണിക്കുമായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരെയും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam