കാമുകനൊപ്പം ജീവിക്കാൻ ഇന്ത്യയിലെത്തി, പണം തീ‍ര്‍ന്നതോടെ തട്ടിക്കൊണ്ടുപോകൽ നാടകം, അമേരിക്കൻ യുവതി പിടിയിൽ

By Web TeamFirst Published Jul 18, 2022, 12:17 PM IST
Highlights

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒക്കോറൊയ്ക്കൊപ്പം താമസിക്കാനാണ് ക്ലോയ് ഇന്ത്യയിലേക്കെത്തിയത്. ഇവിടെ എത്തിയതോടെ കൈയ്യിലെ പണം തീര്‍ന്നു. 

ദില്ലി : കൈയ്യിലെ പണം തീർന്നതോടെ രക്ഷിതാക്കളിൽ നിന്ന് പണം ലഭിക്കാൻ തന്നെ തട്ടിക്കൊണ്ടുപോയതായി നാടകം നടത്തി അമേരിക്കൻ യുവതി. ഇന്ത്യയിൽ താമസിക്കുന്ന ഇവർ കൈയ്യിലെ പണം തീർന്നതോടെ തന്നെ തട്ടിക്കൊണ്ടുപോയതായും വിടുതൽ പണം നൽകണമെന്നും രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. 27 കാരിയായ ക്ലോയ് മക്‍ലോക്‍ലിൻ എന്ന യുവതിയാണ് ഇത്തരമൊരു നാടകം നടത്തിയത്. 

അമേരിക്കയിലെ ഒരു സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ക്ലോയ് മെയ് മൂന്നിനാണ് ദില്ലിയിലെത്തിയത്. കോയുടെ പിതാവ് മുൻ മിലിറ്ററി ഉദ്യോഗസ്ഥനാണ്. ജൂലൈ ഏഴിന് അമ്മയെ വിളിച്ച് ക്ലോയ് താൻ അവളരെ മോശം അവസ്ഥയിലാണെന്നും സുരക്ഷിതമല്ലാത്ത സ്ഥലത്താണെന്നും   അറിയിച്ചു. തനിക്ക് പരിചിതനായ ഒരാൾ തന്നെ ഉപദ്രവിക്കുകയാണെന്നും അവൾ അറിയിച്ചു. 

എന്നാൽ താൻ ഉള്ള സ്ഥലം ക്ലോയ് അമ്മയോട് വെളിപ്പെടുത്തിയില്ല. മകളുടെ ഫോൺ കോൾ വന്നതിന് പിന്നാലെ പരിഭ്രാന്തയായ ഇവർ ഇന്ത്യയിലെ അധികൃതരേയും യുഎസ് എംബസിയെയും വിവരമറിയിച്ചു. എംബസി സംഭവം ദില്ലി ജില്ലാ പൊലീസിനെ അറിയിച്ചു. ക്ലോയ് ഇന്ത്യയിലെത്തി രണ്ടര മാസത്തിന് ശേഷമാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്. 

ജൂലൈ 10 ന് ക്ലോയ് അമ്മയുമായി വാട്സ്ആപ്പ് വീഡിയോ കോളിൽ ബന്ധപ്പെട്ടു. അമ്മ കൂടുതൽ വിവരങ്ങൾ ചോദിക്കുന്നതിന് മുമ്പ് ഒരാൾ മുറിയിലേക്ക് പ്രവേശിക്കുകയും ഉടൻ ഫോൺ കട്ട് ചെയ്യുകയും ചെയ്തു. യുവതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയതാകാമെന്നും വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവാദമില്ലാത്ത അവസ്ഥയിലാകാമെന്നുമുള്ള അനുമാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

ഇതിനിടെ ജൂലൈ 9 ന്, ഇമിഗ്രേഷൻ രേഖകളുമായി ബന്ധപ്പെട്ട ആവശ്യത്തിന് യുവതി അമേരിക്കൻ സിറ്റിസെൻ സെർവ്വീസിന് മെയിൽ അയച്ചിരുന്നു. ഈ ഐപി അഡ്രസ് കണ്ടെത്താൻ യാഹൂ ഡോട്ട് കോമിന്റെ സഹായത്തേടി. ഈ അഡ്രസ് ഗ്രേറ്റർ നോയിഡയിലാണെന്ന് വ്യക്തമായി.  യുവതി താമസിച്ചിരിക്കാമെന്ന് കരുതുന്ന ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ ക്ലോയ് മക്‍ലോക്‍ലിൻ എന്ന പേരിൽ ഒരാൾ ഹോട്ടലിൽ മുറിയിടെത്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

എന്നാൽ അമ്മയുമായി വീഡിയോ കോൾ ചെയ്യുന്നതിന് ക്ലോയ് മറ്റൊരാളുടെ വൈഫൈ ആണ് ഉപയോഗിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. ഈ ഐപി അഡ്രസ് കണ്ടെത്തി, ഇതുമായി ബന്ധപ്പെട്ട മൊബൈൽ നെറ്റ് വർക്ക് മനസ്സിലാക്കി. ഇത് നൈജീരിയൻ പൗരനായ 31 കാരൻ ചിബുക്കി ഒക്കോറോയുടേതാണെന്ന് വ്യക്തമായി. ക്ലോയ് ഗ്രേറ്റർ നോയിഡയിലുണ്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് പൊലീസ് നടത്തിയ തെരച്ചിലിൽ ക്ലോയിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. 

ചോദ്യം ചെയ്യലിൽ താൻ നടത്തിയത് തട്ടിക്കൊണ്ടുപോകൽ നാടകമാണെന്ന് ഇവർ സമ്മതിച്ചു. ദില്ലിയിലെത്തി കുറച്ച് നാളുകൾക്കുള്ളിൽ തന്നെ കൈയ്യിലുള്ള പണം തീർന്നതോടെ താനും കാമുകൻ ഒക്കോറോയും ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിന് പദ്ധതിയിട്ടതെന്നും ഇവർ പറഞ്ഞു. ജൂൺ ആറിന് യുവതിയുടെ പാസ്പോർട്ടിന്റെ കാലാവധി അവസാനിച്ചിരുന്നു. കാമുകന്റെ പാസ്പോർട്ടിന്റെും കാലാവധി അവസാനിച്ചിരുന്നു. 

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒക്കോറൊയ്ക്കൊപ്പം താമസിക്കാനാണ് ക്ലോയ് ഇന്ത്യയിലേക്കെത്തിയത്. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇരുവരും സംഗീതത്തിൽ താത്പര്യമുള്ളവരുമാണ്. ഇതായിരിക്കാം ഇരുവരെയും അടുപ്പിച്ചതെന്ന് ദില്ലി ഡിസിപി അമൃത ഗുഗുലോത്ത് പറഞ്ഞു. നിയമാനുസൃതമായ പാസ്പോർട്ടും വിസയുമില്ലാതെ ഇന്ത്യയിൽ താമസിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തുവെന്ന് പൊലീസ് വ്യക്തമാക്കി. 

click me!