ഒന്നിലേറെ വട്ടം ദിനവും യുപിഐ ഉപയോഗിക്കുന്നുണ്ടോ, സ്ഥിരം ബാലൻസ് നോക്കുമോ; ഈ മാറ്റങ്ങൾ അറിയാതെ പോകല്ലേ...

Published : Aug 01, 2025, 06:06 AM IST
UPI

Synopsis

യുപിഐ ഇടപാടുകൾക്ക് പുതിയ നിയന്ത്രണങ്ങൾ നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഇന്ന് മുതൽ പ്രാബല്യത്തിൽ വരുത്തുന്നു. ബാലൻസ് പരിശോധന, ഓട്ടോപേ, ഇടപാട് നില അപ്ഡേറ്റ് തുടങ്ങിയവയെയാണ് ഇത് ബാധിക്കുക. 

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവർത്തനരീതികളുമായി ബന്ധപ്പെട്ട് നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ഇന്ന് മുതല്‍ പ്രാബല്യത്തിൽ. ദിവസേന പലതവണ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങൾ സുപ്രധാനമാണ്. ബാലൻസ് പരിശോധനകൾ, ഓട്ടോപേ അഭ്യർത്ഥനകൾ, പേയ്‌മെന്‍റ് പരാജയങ്ങൾ, ലിങ്ക് ചെയ്ത അക്കൗണ്ട് പരിശോധനകൾ തുടങ്ങിയ സവിശേഷതകളെയാണ് ഈ മാറ്റങ്ങൾ ബാധിക്കുക.

ബാലൻസ് പരിശോധനയ്ക്ക് പരിധി

പുതിയ നിയമങ്ങൾ പ്രകാരം, ഉപയോക്താക്കൾക്ക് ഓരോ ആപ്പിലും ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ കഴിയൂ. തിരക്കേറിയ സമയങ്ങളിലെ (പീക്ക് അവേഴ്സ്) ലോഡ് കുറയ്ക്കുന്നതിനായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ, ഓരോ സാമ്പത്തിക ഇടപാടിനൊപ്പവും ഉപയോക്താവിന്‍റെ ബാലൻസ് ചേർക്കാൻ ബാങ്കുകൾക്ക് നിർബന്ധമുണ്ട്.

ഓട്ടോപേയ്‌മെന്റുകൾക്ക് നിശ്ചിത സമയം

ഇഎംഐ, എസ്‌ഐപി, അല്ലെങ്കിൽ ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ പോലുള്ള യുപിഐയിലെ ഓട്ടോ പേയ്‌മെന്‍റുകളും ഓട്ടോ ട്രാൻസാക്ഷനുകളും രാവിലെ 10 മണിക്ക് മുൻപും, ഉച്ചയ്ക്ക് ഒന്ന് മുതൽ അഞ്ച് വരെയും, രാത്രി 9:30 ന് ശേഷവും മാത്രമേ പ്രോസസ്സ് ചെയ്യുകയുള്ളൂ. അതായത്, നിങ്ങളുടെ പേയ്‌മെന്‍റ് രാവിലെ 11 മണിക്ക് ഡ്യൂ ആണെങ്കിൽ, അത് നേരത്തെയോ വൈകിയോ ഡെബിറ്റ് ആയേക്കാം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയും വൈകുന്നേരം അഞ്ച് മുതൽ രാത്രി 9:30 വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ ഓട്ടോപേ പ്രോസസ്സ് ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത്.

ബാങ്ക് വിവരങ്ങൾ ലഭ്യമാക്കാൻ പരിമിതമായ ശ്രമങ്ങൾ

ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത വിവരങ്ങൾ ഒരു ദിവസം 25 തവണ മാത്രമേ ലഭ്യമാക്കാൻ കഴിയൂ. ഇതിലൂടെ, മൊബൈലുമായി ലിങ്ക് ചെയ്ത അക്കൗണ്ടുകളുടെ ലിസ്റ്റ് ഉപയോക്താക്കൾക്ക് കാണാൻ കഴിയും. ഉപയോക്താവ് യുപിഐ ആപ്പുകളിൽ ഇഷ്യൂവർ ബാങ്ക് തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ ഈ അഭ്യർത്ഥനകൾ ആരംഭിക്കാൻ പാടുള്ളൂ.

ഇടപാട് നിലയുടെ വേഗത്തിലുള്ള അപ്‌ഡേറ്റ്

തിരക്കേറിയ സമയങ്ങളിൽ, പണം ഡെബിറ്റ് ആവുകയും എന്നാൽ സ്വീകർത്താവിന് ലഭിക്കാതിരിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള ഇടപാട് സംബന്ധമായ പ്രശ്നങ്ങൾ ഉപയോക്താക്കൾക്ക് പലപ്പോഴും നേരിടേണ്ടി വരാറുണ്ട്. ഇനി മുതൽ യുപിഐ ആപ്പുകൾ ഒരു ഇടപാടിന്‍റെ യഥാർത്ഥ പേയ്‌മെന്റ് നില പെൻഡിംഗ് അല്ലെങ്കിൽ പ്രോസസ്സിംഗ് എന്ന് കാണിക്കുന്നതിന് പകരം നിമിഷങ്ങൾക്കകം പ്രദർശിപ്പിക്കേണ്ടതുണ്ട്. ഉപയോക്താവിന് നില പരിശോധിക്കാൻ 3 അവസരങ്ങൾ മാത്രമേ ലഭിക്കൂ. ഓരോ പരിശോധനയ്ക്കും ഇടയിൽ 90 സെക്കൻഡ് സമയം കാത്തിരിപ്പ് ഉണ്ടാകും.

ഓരോ ഇടപാടിലും സ്വീകർത്താവിന്റെ പേര്

ഓരോ തവണ യുപിഐ വഴി പണം അയക്കുമ്പോഴും, ഇടപാട് നടത്തുന്നതിന് മുമ്പ് സ്വീകർത്താവിന്റെ രജിസ്റ്റർ ചെയ്ത പേര് കാണാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഈ മാറ്റങ്ങൾ പ്രധാനപ്പെട്ടതല്ലെങ്കിലും, തിരക്കേറിയ സമയങ്ങളിൽ യുപിഐ ആപ്പുകളിലെ സമ്മർദ്ദം കുറയ്ക്കാനും ഓൺലൈൻ പേയ്‌മെന്‍റുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും അതുവഴി കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനുമാണ് ഇവ ലക്ഷ്യമിടുന്നത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ