
ലക്നൗ: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനൊരുങ്ങി ഉത്തര്‍ പ്രദേശ്. ഇതിന്‍റെ ഭാഗമായി പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് അയച്ചു. സംസ്ഥാനത്തെ 19 ജില്ലകളിലായി താമസിക്കുന്ന അഭയാര്‍ത്ഥികളുടെ പട്ടികയാണ് യോഗി സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള ഒരുക്കത്തിലാണ് ഉത്തര്‍ പ്രദേശ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി എത്തിയവരുടെ അനുഭവങ്ങളുടെ കുറിപ്പുകളും പട്ടികയ്ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തുള്ള അഭയാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. മുസ്‍ലിം അല്ലാത്ത നാല്‍പതിനായിരത്തോളം അഭയാര്‍ത്ഥികള്‍ സംസ്ഥാനത്തുണ്ടെന്നാണ് പ്രാഥമിക വിവരം. ആഗ്ര, റായ് ബറേലി, സഹരന്‍പൂര്‍, ഗോരഖ്പൂര്‍, അലിഗഢ്, റാംപൂര്‍,മുസാഫര്‍നഗര്‍, ഹാപര്‍, മഥുര, കാന്‍പൂര്‍, പ്രതാപ്‍ഗഢ്, വാരണാസി, അമേഠി, ജാന്‍സി, ലാഖിംപൂര്‍ ഖേരി, ലക്നൗ, മീററ്റ്, പിലിബിത്ത് എന്നിവിടങ്ങളിലാണ് അഭയാര്‍ത്ഥികളുള്ളതെന്നാണ് റിപ്പോര്‍ട്ട്.
പിലിബിത്തിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം അഭയാര്‍ത്ഥികള്‍ ഉള്ളതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മതപീഡനത്തിന് ഇരയായ അഭയാര്‍ത്ഥികളെ സംബന്ധിച്ച പേരുവിവരങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പട്ടികകളില്‍ ഉണ്ടെന്നാണ് വിവരം. ഇത്തരത്തില്‍ ഹിന്ദു അഭയാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam