ബെംഗളൂരു വിമാനത്താവളത്തിലാണ് യാത്രക്കാരൻ കിടക്കയുമായി എത്തിയത്. 18 മണിക്കൂർ താമസിച്ചാലും യാത്രക്കാരൻ തയ്യാറാണ് എന്നാണ് ചിത്രത്തിന് മറ്റൊരാൾ പ്രതികരിച്ചിട്ടുള്ളത്.
ബെംഗളൂരു: പുറപ്പെടാൻ പോവുന്ന വിമാനം റദ്ദാക്കുമോയെന്ന സംശയം കൊണ്ട് കിടക്കയുമായി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ചിത്രം വൈറലാവുന്നു. ബെംഗളൂരു വിമാനത്താവളത്തിലാണ് യാത്രക്കാരൻ കിടക്കയുമായി എത്തിയത്. ഇൻഡിഗോ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതിനെ നേരിടാനുളള തയ്യാറെടുപ്പാണ് കിടക്കയെന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. സ്ലീപ്പർ കോച്ച് യാത്ര അനുഭവം നൽകുന്ന വിമാനയാത്രയെന്നും നിരവധി പേർ ചിത്രത്തോട് പ്രതികരിക്കുന്നുണ്ട്. മനുഷ്യന്റെ അതിജീവന കലയായാണ് സംഭവത്തെ നിരവധിപ്പേർ നിരീക്ഷിക്കുന്നത്. 18 മണിക്കൂർ താമസിച്ചാലും യാത്രക്കാരൻ തയ്യാറാണ് എന്നാണ് ചിത്രത്തിന് മറ്റൊരാൾ പ്രതികരിച്ചിട്ടുള്ളത്. സർവീസ് റദ്ദാക്കുന്നതിൽ വലിയ രീതിയിൽ യാത്രക്കാരുടെ അതൃപ്തി നേരിടുകയാണ് ഇൻഡിഗോ നിലവിൽ.
അതേസമയം പ്രതിസന്ധിയിൽ ഏറ്റവും വലിയ ദുരിതം നേരിട്ട യാത്രക്കാരെ ആശ്വസിപ്പിക്കാൻ യാത്രാ വൗച്ചറുകൾ ഇൻഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ സൗജന്യമായി നൽകുമെന്നാണ് ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചു. ഡിസംബർ 3 മുതൽ 5 വരെ യാത്ര ചെയ്തവർക്കാണ് യാത്രാ വൗച്ചറുകൾ നേടാനുള്ള അർഹത ഉണ്ടാവുകയെന്നും ഇൻഡിഗോ വിശദമാക്കിയത്. ഈ വൗച്ചറുകൾ അടുത്ത 12 മാസത്തേക്ക് ഇൻഡിഗോയുടെ ഏത് യാത്രയ്ക്കും ഉപയോഗിക്കാവുന്നതാണ് എന്നാണ് വിമാനക്കമ്പനി വിശദമാക്കിയത്. പ്രതിസന്ധിയിൽ നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ ഡിജിസിഎ നീക്കം ചെയ്തു. എയർലൈൻസ് സുരക്ഷ, പ്രവർത്തനക്ഷമത എന്നിവയുടെ മേൽനോട്ട ഉത്തരവാദിത്വം ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.
പ്രതിസന്ധിയിലായ ഇൻഡിഗോയുടെ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടത്. വിമാനക്കമ്പനിയുടെ പരിശോധനയിലും നിരീക്ഷണത്തിലും ഉണ്ടായ അശ്രദ്ധയെ തുടർന്നാണ് നടപടി. ശൈത്യകാല ഷെഡ്യൂളിൽ 10% കൂടുതൽ വിമാന സർവീസുകൾ ഇൻഡിഗോയ്ക്ക് അനുവദിക്കും മുൻപ് പൈലറ്റ് മാരുടെ ആവശ്യകത, പുതിയ പൈലറ്റ് ഡ്യൂട്ടിക്രമം, വിശ്രമമാനദണ്ഡങ്ങൾ പാലിക്കാനുള്ള തയ്യാറെടുപ്പ് എന്നിവ ഡിജിസിയെ പരിശോധിച്ചോ എന്ന ചോദ്യങ്ങൾക്കിടയാണ് നടപടി.


