
ദില്ലി: ഏഴുപേരെ കൂടി ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശില്‍ (Uttar Pradesh) മന്ത്രിസഭ പുനസംഘടിപ്പിച്ചു. കോണ്‍ഗ്രസ് (congress) വിട്ടെത്തിയ ജിതിന്‍ പ്രസാദയും മന്ത്രിസഭയിലുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്. അതേസമയം പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന ശക്തമായ എതിര്‍പ്പിനിടെ ആറ് പുതുമുഖങ്ങളുമായി പഞ്ചാബില്‍ ചരണ്‍ജിത് സിംഗ് ചന്നി മന്ത്രിസഭ അധികാരമേറ്റു. സിദ്ദുവിന്‍റെ ഇടപെടലില്‍ ഉപമുഖ്യമന്ത്രിസ്ഥാനം തെറിച്ച ബ്രഹ്മ മൊഹീന്ദ്രയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം അരുണ ചൗധരി, റസിയസുല്‍ത്താന എന്നിവര്‍ മന്ത്രിസഭയില്‍ വനിത പ്രാതിനിധ്യം ഉറപ്പിച്ചു. ആറ് പുതുമുഖങ്ങളില്‍ ഒരാളായി മുന്‍ മുഖ്യമന്ത്രി ബീന്ത്സിംഗിന്‍റെ ചെറുമകന്‍ ഗുക്രിറാത്ത് സിംഗ് കോട്ലിയെ ഉള്‍പ്പെടുത്തിയതിന് എതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തത്തി. ഫ്രഞ്ച് വിനോദ സഞ്ചാരിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിട്ട കോട്ലിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെ ശിരോമണി അകാലിദളും ആംആദ്മി പാര്‍ട്ടിയും ചോദ്യം ചെയ്തു.
മണല്‍ഖനന കേസില്‍ കുടുങ്ങി അമരീന്ദര്‍സിംഗ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച റാണ ഗുര്‍ജീത് സിംഗിനെ ഉള്‍പ്പെടുത്തിയതില്‍ പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ നെറ്റി ചുളിച്ചിരിക്കുകയാണ്. അമരീന്ദര്‍സിംഗിന്‍റെ പാളയത്തില്‍ നിന്ന് സിദ്ദുവിനൊപ്പം ചേര്‍ന്ന ഗുര്‍ജീത് സിംഗ് പഞ്ചാബിലെ ഏറ്റവും ധനികരായ എംഎല്‍എമാരില്‍ ഒരാളാണ്. അതേസമയം മന്ത്രിസഭയില്‍ നിന്നൊഴിവാക്കിയതിന്‍റെ കാരണം വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രിമാരായ ബല്‍ബീര് സിദ്ദു, ഗുര്‍പ്രീത് കംഗര്‍ എന്നിവര്‍ രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam