ഒരു കോടി പേര്‍ക്ക് തൊഴില്‍ പ്രഖ്യാപനത്തിനൊരുങ്ങി യോഗി ആദിത്യനാഥ്; ചടങ്ങില്‍ പ്രധാനമന്ത്രിയും

By Web TeamFirst Published Jun 24, 2020, 12:35 PM IST
Highlights

കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി സംസ്ഥാന പരിപാടിയില്‍ പങ്കെടുക്കുന്നത്. തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് തൊഴില്‍ പദ്ധതി പ്രഖ്യാപിക്കുന്നത്.
 

ലഖ്‌നൗ: വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ഒരു കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് യോഗി ആദിത്യനാഥ് 26ന് പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരിക്കും പ്രഖ്യാപനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി സംസ്ഥാന പരിപാടിയില്‍ പങ്കെടുക്കുന്നത്. തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് തൊഴില്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരിക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. 

ഉത്തര്‍പ്രദേശിലെ തൊഴിലവസരങ്ങളില്‍ 50 ശതമാവും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ്. തൊഴിലുറപ്പ് പദ്ധതി പ്രകാരം 1.80 കോടി തൊഴിലുറപ്പ് കാര്‍ഡുടമകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 85 ലക്ഷം പേര്‍ ജോലിയില്‍ സജീവമാണ്.  പുതിയതായി 15 ലക്ഷം തൊഴില്‍ കാര്‍ഡുകള്‍ കൂടി വിതരണം ചെയ്യുമെന്ന് കേന്ദ്ര തൊഴിലുറപ്പ് പദ്ധതി കൗണ്‍സില്‍ മുന്‍ അംഗം സഞ്ജയ് ദീക്ഷിത് പറഞ്ഞു.

നദി പുനരുജ്ജീവനം, ഗ്രാമീണ റോഡ് നിര്‍മ്മാണം, കുളം കുഴിക്കല്‍ തുടങ്ങിയ ജോലികളാണ് പദ്ധതി പ്രകാരം ചെയ്യുക. എല്ലാ പ്രധാന വകുപ്പുകളിലും കൂടുതല്‍ തൊഴില്‍ സൃഷ്ടിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ നരേദ് കോ ഒരു ലക്ഷം തൊഴില്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. ഒരു കോടിയാളുകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പ്രഖ്യാപനത്തെ പരിഹസിച്ച് എസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് രംഗത്തെത്തി.
 

click me!