സുപ്രീംകോടതി ഉത്തരവ് പാലിച്ച് യു പി സര്‍ക്കാര്‍; ഉന്നാവ് പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം കൈമാറി

By Web TeamFirst Published Aug 1, 2019, 11:06 PM IST
Highlights

25 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ നേരിട്ടെത്തി പെൺകുട്ടിയുടെ അമ്മയ്ക്ക് കൈമാറി. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.  

ലഖ്നൗ: ഉന്നാവിലെ പെൺകുട്ടിക്ക് ഉത്തർപ്രദേശ് സർക്കാർ ധനസഹായം കൈമാറി. 25 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ നേരിട്ടെത്തി പെൺകുട്ടിയുടെ അമ്മയ്ക്ക് കൈമാറി. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. അടിയന്തിര സഹായമായി 25 ലക്ഷം രൂപയും കേന്ദ്രസേനയുടെ സുരക്ഷയും പെൺകുട്ടിക്ക് ഉറപ്പാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഉന്നാവ് കേസുകളുടെ വിചാരണ ലഖ്നൗവിലെ സിബിഐ കോടതിയിൽ നിന്ന് ദില്ലിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. കുടുംബവുമായി സംസാരിച്ച്, പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നാവ് പെണ്‍കുട്ടി അയച്ച കത്ത് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടൽ. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതടക്കമുള്ള നാല് കേസുകളാണ് നിലവിൽ ലക്നൗ സിബിഐ കോടതിയിലുള്ളത്. ഇതിന് പുറമെയാണ് പെണ്‍കുട്ടിയെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്. ഈ അഞ്ച് കേസുകളുടെയും വിചാരണയാണ് ദില്ലിയിലേക്ക് മാറ്റിയത്. ഉന്നാവ് കേസ് പരിഗണിക്കാനായി ദില്ലിയിൽ പ്രത്യേക കോടതി സ്ഥാപിക്കും. 45 ദിവസത്തിനകം എല്ലാ കേസുകളിലെയും വിചാരണ പൂര്‍ത്തിയാക്കണം. വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിന്‍റെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കി കുറ്റപത്രം നൽകണമെന്നും കോടതി ഉത്തരവിട്ടു. ആവശ്യമെങ്കിൽ ഒരാഴ്ച കൂടി അധികം സമയമെടുക്കാം. പെണ്‍കുട്ടിക്കും കുടുംബത്തിനും സിആര്‍പിഎഫിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

കേസിൽ വാദിക്കുന്നതിനിടെ അമിക്കസ്ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകൻ വി ഗിരി വികാരാധീനനായി. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കോടതി ചോദിച്ചു. നഷ്ടപരിഹാരം നൽകാൻ വേണ്ടി മാത്രമുള്ളതല്ല കോടതിയെന്ന് ഓര്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പരിഗണിച്ചില്ലെന്ന വിമര്‍ശനങ്ങൾ സുപ്രീംകോടതി രജിസ്ട്രി തള്ളി. കത്തുകൾ ചട്ടപ്രകാരം പരിശോധിച്ചുവരികയായിരുന്നെന്നും ഇതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതി സെക്രട്ടറി ജനറൽ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. കോണ്‍ഗ്രസ് അംഗങ്ങൾ നൽകിയ അടിയന്തിര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി.

click me!