
പനജി: ഉത്തർപ്രദേശിനൊപ്പം ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിങ് ബൂത്തിലെത്തും. ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളിലായി 81 ലക്ഷം വോട്ടർമാർ ആണ് വിധിയെഴുതുക. 152 സ്വതന്ത്രർ അടക്കം 632 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. എട്ട് മണി മുതൽ ആറ് മണി വരെയാണ് വോട്ട് രേഖപ്പെടുത്താനാവുക. 2017ൽ 57 സീറ്റ് നേടി ഭരണത്തിലുള്ള ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. ഇരു പാർട്ടികളുടെയും വോട്ട് പിടിക്കാൻ ഇത്തവണ ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്.
ഭരണത്തുടർച്ചയും മുഖ്യമന്ത്രിമാർ ജയിക്കുന്ന പതിവും സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, അഞ്ച് മന്ത്രിമാർ, അധ്യക്ഷൻ മദൻ കൗശിക് എന്നിവരാണ് ബിജെപിക്കായി മത്സര രംഗത്തുള്ള പ്രമുഖർ. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പ്രതിപക്ഷ നേതാവ് പ്രീതം സിങ്, പിസിസി അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, മുൻ മന്ത്രി യശ്പാൽ ആര്യ തുടങ്ങിയവരും മത്സരരംഗത്തുണ്ട്. ഗോവയിൽ നാൽപ്പത് സീറ്റുകളിലേക്കാണ് മത്സരം നടക്കുക. ഗോവയിൽ ആം ആദ്മി പാർട്ടി ഇത്തവണ ശക്തമായി രംഗത്തുണ്ട്.
പല മണ്ഡലങ്ങളിലും ത്രികോണമത്സരമാണ് നടക്കുന്നത്. അതേസമയം, ഉത്തർപ്രദേശില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ജയിലില്‍ കഴിയുന്ന സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍, മകൻ അബ്ദുള്ള, യുപി ധനമന്ത്രി സുരേഷ് ഖന്ന, രാജിവെച്ച് എസ്പിയിൽ ചേർന്ന ധരംപാല്‍ സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖർ.
2017ല്‍ ഈ മേഖലയിൽ നിന്ന് 38 സീറ്റ് നേടിയ ബിജെപിക്ക് 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ 27 നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് കിട്ടിയിരുന്നുള്ളൂ. നിലവില്‍ 15 സീറ്റാണ് ഇവിടെ നിന്ന് സമാജ്‍വാദി പാര്‍ട്ടിക്ക് ഉള്ളത്. ദളിത്, പിന്നാേക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഇവിടെ വലിയ മുന്നേറ്റം കാഴ്ചവെക്കാനാകുമെന്നാണ് എസ്പിയുടെ ആത്മവിശ്വാസം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam