ദില്ലി/ ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ ഏഴ് പേർ മരിച്ചുവെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം സ്ഥിരീകരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. അളകനന്ദ, ദൗലിഗംഗ, ഋഷിഗംഗ നദികളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി. തപോവൻ വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. പ്രളയത്തില്‍ 170 പേരെ കാണാതായി. രാത്രിയിലും രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്രളയം വേഗത്തിൽ ആയതിനാൽ മൃതദേഹങ്ങൾ വളരെ അകലെ നിന്നാണ് കണ്ടെടുത്തതെന്ന് ദേശീയ ദുരന്തനിവാരണ സേന ഐജി അമരേന്ദ്ര കുമാർ സെനഗർ അറിയിച്ചു. മൃതദേഹങ്ങൾ ചിലത് അത് വളരെ ആഴമുള്ളിടത്തും ചിലത് ടണലിലും കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിന് പ്രതിസന്ധിയായി. രക്ഷാപ്രവർത്തനം അണക്കെട്ടിലെ രണ്ടാമത്തെ ടണലിൽ തുടരുകയാണെന്നും അമരേന്ദ്ര കുമാർ സെനഗർ പറഞ്ഞു. 30 പേരോളം ഇവിടെ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. അതിനാലാണ് രാത്രിയിലും രക്ഷാപ്രവർത്തനം തുടരാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
രാവിലെയോടെയാണ് ചമോലിയിലെ തപോവൻ റെനി മേഖലയില്‍ വൻ മഞ്ഞിടിച്ചില്‍ ഉണ്ടായത്. മുന്നറിയിപ്പ് നല്‍കാൻ കഴിയുന്നതിന് മുന്‍പേ മൂന്ന് നദികളിലേക്കും കുറഞ്ഞ സമയത്തിനുള്ളില്‍ വെള്ളം കുത്തിയൊലിച്ചെത്തി. മലകളില്‍ നിന്ന് വലിയ പാറക്കല്ലുകളും കടപുഴകിയ മരങ്ങളും മലവെള്ളാപ്പാച്ചിലില്‍ ജനവാസമേഖലയിലേക്ക് ഇരച്ചെത്തി. തപോവന്‍ വൈദ്യുത പദ്ധതി പ്രളയത്തില്‍ ഭാഗിമായി തകര്‍ന്നു.
ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ പലരും. പ്രളയസമയത്ത് 160 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. വൈദ്യുത പദ്ധതിയുടെ ടണില്‍ കുടുങ്ങിയ ചിലരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് രക്ഷിക്കാനായി. പ്രളയം ഉണ്ടായ വിവരം ലഭിച്ചതോടെ ഋഷികേശ് ശ്രീനഗര്‍ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി കളയാന്‍ അധികൃതര്‍ അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു. ഭാഗിരഥി നദിയിലെ ജലമൊഴുക്കും നിയന്ത്രിച്ചിരുന്നു. പ്രദേശത്ത രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്തത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam