
ദില്ലി: ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ നിർത്തിവെച്ചിരുന്ന ഡ്രില്ലിംഗ് വീണ്ടും തുടങ്ങി. ടണലിനുള്ളിലുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ ആവർത്തിച്ചു പറയുന്നു. ടണലിന് മുകളിലൂടെ തുരക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായി സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും അറിയിച്ചു. രക്ഷാദൗത്യം വിലയിരുത്തുന്നതിനായി ദുരന്തമേഖലയിൽ എത്തിയതായിരുന്നു ഇവർ.
ആദ്യഘട്ട രക്ഷാദൗത്യം ആരംഭിച്ചത് ടണൽ മുഖത്ത് നിന്നുള്ള അവശിഷ്ടങ്ങൾ മാറ്റിക്കൊണ്ടായിരുന്നു. പിന്നീട് യന്ത്രം ലോഹഭാഗത്ത് ഇടിച്ചതിനെ തുടർന്ന് രക്ഷാദൗത്യം നിർത്തിവെക്കേണ്ട സാഹചര്യം വന്നു. പിന്നീട് മുകളിൽ നിന്ന് തുരക്കാനായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ മന്ത്രിമാർ നിർദ്ദേശിക്കുന്നത് ആദ്യം നിർത്തിവെച്ച രക്ഷാദൗത്യം പുനരാരംഭിക്കാനാണ്. ഇതിനോടകം ഡ്രില്ലിംഗ് വീണ്ടും തുടങ്ങിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന മുകളിൽ നിന്നുള്ള ഡ്രില്ലിംഗും തുടരുന്നുണ്ട്. ടണൽ മുഖത്ത് നിന്നുള്ള ഡ്രില്ലിംഗ് ആയിരിക്കും രക്ഷാദൗത്യത്തിന് കൂടുതൽ ഗുണം ചെയ്യുക എന്ന് മന്ത്രിമാർ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിയാവുന്ന എല്ലാ സാങ്കേതിക വിദഗ്ധരെയും ഒന്നിച്ച് ചേർത്താണ് രക്ഷാദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
എത്രയും വേഗം ടണലിൽ അകപ്പെട്ട 40 പേരെയും പുറത്തെത്തിക്കുക എന്നതാണ് പ്രധാനമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. ഇവർക്കുള്ള മരുന്നും ഭക്ഷണവും വെള്ളവുമുൾപ്പെടെയുള്ള വസ്തുക്കൾ എത്തിച്ചു കൊടുക്കാൻ സാധിച്ചിട്ടുണ്ട്. വളരെ നിർണായകമായ മണിക്കൂറുകളാണ് ഇനി വരാനിരിക്കുന്നത്.
പ്ലാൻ എയും ബിയുമെല്ലാം വിഫലം, ടണലിൽ വിള്ളൽ, അനിശ്ചിതത്വം, ഡ്രില്ലിങ് നിർത്തുന്നു; മുകളിൽനിന്ന് പാതയൊരുക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam