
ദില്ലി:പതിനേഴ് ദിവസത്തെ കാത്തിരിപ്പിന് ശേഷം 41 തൊഴിലാളികളെ പുറത്ത് എത്തിക്കാനായത് കേന്ദ്രസർക്കാരിനും വലിയ ആശ്വാസമായി. തുടക്കത്തിലെ ആശയക്കുഴപ്പം പരിഹരിച്ചാണ് ഒടുവിൽ രക്ഷാപ്രവർത്തനം ട്രാക്കിലെത്തിക്കാനായത്. ഹിമാലയൻ മേഖലയിലെ ടണൽ നിർമ്മാണം ഉൾപ്പടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ അപകടം ഇനി ഇടയാക്കും. എട്ട് സംസ്ഥാനങ്ങളിലെ നാല്പത്തിയൊന്ന് തൊഴിലാളികളാണ് പതിനേഴ് ദിവസം എട്ടര മീറ്റർ ഉയരമുള്ള തുരങ്കത്തിൽ പിടിച്ചു നിന്നത്. അതിനാല്‍ തന്നെ ഒരു മിനി ഇന്ത്യയാണ് സില്‍ക്യാരയിലെ ടണലില്‍ കുടുങ്ങിയതെന്ന് പറയാം. തൊഴിലാളികളെ അവശിഷ്ടങ്ങൾ നീക്കി പുറത്തു കൊണ്ടു വരാൻ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു തുടക്കത്തിൽ രക്ഷാ സംഘം.
വേണ്ടത്ര ആസൂത്രണം ഇല്ലാതെ തുടങ്ങിയ രക്ഷാദൗത്യം വീണ്ടും തുരങ്കം ഇടിഞ്ഞതോടെ പ്രതിസന്ധിയിലായിരുന്നു. ഒട്ടേറെ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രക്ഷാദൗത്യം ആരംഭിച്ചത്. ടണലില്‍ കുടുങ്ങിയത് 40 തൊഴിലാളികളല്ല, 41പേരാണെന്ന് തിരിച്ചറിഞ്ഞതുപോലും നാലു ദിവസത്തിനുശേഷമായിരുന്നു. എന്നാൽ പിന്നീട് കേന്ദ്ര സർക്കാരിൻറെയും സംസ്ഥാനസർക്കാരിൻറെയും ഏകോപനത്തിൽ നടപടികൾ വേഗത്തിലായി. വ്യോമസേനയും റെയിൽവെയും ദൗത്യത്തിനു വേണ്ട ഉപകരണങ്ങൾ സ്ഥലത്ത് എത്തിച്ചു. കരസേനയുടെ എഞ്ചിനീയറിംഗ് വിഭാഗവും ദൗത്യത്തിൽ പങ്കു ചേർന്നു. പല സ്വകാര്യ സർക്കാർ സ്ഥാപനങ്ങളുടെയും വിദഗ്ധർ പങ്കാളികളായി.
വിദേശവിദഗ്ധരുടെയും സഹായം തേടി. തൊഴിലാളികളെ പുറത്തെത്തിക്കാൻ തുരങ്കത്തിന് മുകളിൽ നിന്ന് താഴേക്ക് കുഴിക്കുന്നത് ഉൾപ്പടെ അഞ്ചു പദ്ധതികളാണ് തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ വിജയിച്ച വഴിയല്ലാതെ എല്ലാ പദ്ധതികളും ഏറെ വൈകുമായിരുന്നു. പല ഏജൻസികളുടെയും കഴിഞ്ഞ മൂന്നു നാളുകളിലെ കൂട്ടായ നീക്കം ഇന്നത്തെ ആശ്വാസത്തിൻറെ കാഴ്ചകളിലേക്ക് നയിച്ചു. ദൗത്യം വിജയച്ചതിന്‍റെയും ശുഭകരമായി പര്യവസാനിച്ചതിന്‍റെയും ആഹ്ളാദത്തിലാണ് രാജ്യം. അപ്പോഴും ഉത്തരാഖണ്ഡ് രക്ഷാദൗത്യം രാജ്യത്തിന് പുതിയ പാഠമായി മാറുകയാണ്. മുന്നറിയിപ്പ് അവഗണിച്ചുള്ള ഹിമാലയൻ താഴ്വരയിലെ നിർമ്മാണങ്ങൾ എത്ര സുരക്ഷിതം എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഇത്തരം സാഹചര്യം നേരിടാൻ ദുരന്ത നിവാരണ അതോറിറ്റി പോലും തയ്യാറല്ലായിരുന്നു എന്നും ആദ്യം ദിവസങ്ങളിലെ ആശയക്കുഴപ്പം സൂചിപ്പിക്കുന്നു. കാത്തിരിപ്പിനൊടുവിൽ ഈ ദുഷ്ക്കരമായ ദൗത്യം വിജയിപ്പിക്കാനായി എന്നത് രാജ്യത്തിനാകെ വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.
പുതുജീവൻ; ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം, എല്ലാ തൊഴിലാളികളും പുറത്തെത്തി
കരഞ്ഞപ്പോള്‍ വായപൊത്തി, ഒറ്റയ്ക്കിരുത്തി ഭക്ഷണം നല്‍കിയശേഷം കാര്‍ട്ടൂണ്‍ കാണിച്ചുവെന്ന് അബിഗേല്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam