
ലക്നൗ: രാജ്യത്തെ നടുക്കി ഉത്തർ പ്രദേശ് ജാൻസിയിലെ ആശുപത്രിയിൽ ഇന്നലെ രാത്രിയുണ്ടായ തീപ്പിടുത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. പൊള്ളലേറ്റ 16 കുട്ടികൾ മരണത്തോട് മല്ലിടുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. യുപിയില്‍ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സർക്കാറിന് നേരെ ഗൌരവമുള്ള ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് രാഹുല് ഗാന്ധി വിമർശിച്ചു.
കരളലിയിക്കുന്ന കാഴ്ചകളാണ് ഝാൻസി മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജിന് മുന്നിൽ അലമുറയിട്ട് കരയുകയാണ് പിഞ്ചുകുഞ്ഞുങ്ങളെ നഷ്ടമായ മാതാപിതാക്കൾ. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവിൽ തീപ്പിടുത്തമുണ്ടായത്. ഓക്സിജൻ യന്ത്രങ്ങൾ സ്ഥാപിച്ച മുറിയില് നിന്നും ഷോർട്ട് സർക്യൂട്ടിലൂടെയുണ്ടായ തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം.
54 കുഞ്ഞുങ്ങൾ ഐസിയുവിലുണ്ടായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പത്ത് കുഞ്ഞുങ്ങൾ ഇന്നലെ രാത്രി മരിച്ചു. പൊള്ളലേറ്റ 16 കുഞ്ഞുങ്ങൾ ഇപ്പോഴും ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമാണ്. 3 മൃതദേഹങ്ങൾ ഇപ്പോഴും തിരിച്ചറിയാനായിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധന നടത്തും. തീപ്പിടുത്തമുണ്ടായപ്പോൾ ആശുപത്രിയിലുണ്ടായിരുന്ന തീയണയ്ക്കുന്നതിനായുള്ള ഉപകരണങ്ങൾ പ്രവർത്തിച്ചില്ലെന്നും കാലാവധി കഴിഞ്ഞ ഫയർ എക്സ്റ്റിംഗുഷറുകളാണ് സ്ഥാപിച്ചിരുന്നതെന്നും ദൃക്സാക്ഷികൾ പരാതിപ്പെട്ടു.
സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നറിയിച്ചു. പോലീസിനെ കൂടാതെ ആരോഗ്യവകുപ്പും സംഭവത്തില്‍ അന്വേഷണം തുടങ്ങി. ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥയാണ് അപകടകാരണമെന്നും, കടുത്ത നടപടി വേണമെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. എല്ലാം ശരിയാക്കുമെന്ന് പറയുന്ന യോഗി ആദിത്യനാഥ് നുണയനാണെന്ന് തെളിഞ്ഞെന്നും അഖിലേഷ് വിമർശിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഹൃദയഭേദകമായ സംഭവമാണെന്ന് അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര - സംസ്ഥാന സർക്കാറുകൾ സഹായധനം പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam