വി മുരളീധരൻ വിദേശകാര്യ, പാർലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രി

By Web TeamFirst Published May 31, 2019, 1:27 PM IST
Highlights

വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരൻ പ്രവർത്തിക്കുക. 

ദില്ലി: കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രിയാവും. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരൻ പ്രവർത്തിക്കുക. പ്രഹ്ളാദ് ജോഷിയാണ് പാർലമെന്‍ററികാര്യ മന്ത്രി. പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്ന് വി മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഉത്സവ സമയത്തെ നിരക്ക് വർദ്ധനക്ക് പരിഹാരമുണ്ടാക്കാൻ തന്നാലാവുന്ന രീതിയിൽ ഇടപെടുമെന്ന് മുരളീധരൻ വ്യക്തമാക്കി. പ്രവാസി വോട്ടുൾപ്പെടെയുള്ള കാര്യങ്ങളിൽ പഠിച്ച ശേഷം നിലപാടെടുക്കുമെന്ന് മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് പറഞ്ഞ മുരളീധരൻ, വിവിധ രാജ്യങ്ങളിലെയും പ്രശ്നങ്ങൾ പലവിധമാണെന്നും കൂട്ടിച്ചേർത്തു.

കേരളത്തിലെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് പാര്‍ലമെന്‍റില്‍ എത്തിയത്.ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരൻ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്ന് വി മുരളീധരൻ രാജ്യസഭയിലേക്ക് എത്തിയത് .

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രിസഭയിലേക്ക് കേരളത്തില്‍നിന്ന് തന്നെ തെരഞ്ഞെടുത്തതിലുള്ള സന്തോഷം നേരത്തേ ഏഷ്യാനെറ്റ് ന്യൂസുമായി വി മുരളീധരൻ പങ്കുവച്ചിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് തന്‍റെ മന്ത്രി സ്ഥാനമെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം.

 

click me!