
വത്തിക്കാന്‍: മദർ മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ സംബന്ധിക്കുന്ന ഇന്ത്യൻ സംഘത്തെ നയിച്ചു കൊണ്ട് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകൾക്ക് മുൻപ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്റെ ആശംസകൾ അറിയിക്കാൻ മാർപ്പാപ്പ മുരളീധരനോട് പറഞ്ഞു. കൂടിക്കാഴ്ചക്കൊടുവിൽ മഹാത്മഗാന്ധിയുടെ വ്യാഖ്യാനത്തോട് കൂടിയ ഭഗവദ് ഗീതയും കേരളത്തിലെ ക്ഷേത്ര ഉത്സവങ്ങളിൽ പരമ്പരാഗത രീതിയിൽ എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്ന തിടമ്പേന്തി, നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരൻ മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു. വത്തിക്കാൻ സ്റ്റേറ്റിന്റെ വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന കർദ്ദിനാൾ പോൾ ഗല്ലാഗറുമായും വി മുരളീധരൻ കൂടിക്കാഴ്ച നടത്തി.
വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പയാണ് മറിയം ത്രേസ്യയടക്കം അഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. സിറോ മലബാർ സഭയിൽ നിന്നുളള നാലാമത്തെ വിശുദ്ധയാണ് മറിയം ത്രേസ്യ. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ചടങ്ങുകളിൽ പങ്കെടുത്തത്.
Also Read: വത്തിക്കാനിൽ ചരിത്ര നിമിഷത്തിന് സാക്ഷികളായി ഇന്ത്യൻ പ്രതിനിധി സംഘം, ഒപ്പം വി മുരളീധരനും
മറിയം ത്രേസ്യ, ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യുമാന്‍, ഇറ്റാലിയന്‍ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലിയന്‍ സന്ന്യാസസഭാംഗം ഡൂള്‍ചെ ലോപെസ് പോന്തെസ്, സ്വിറ്റ്സര്‍ലന്‍ഡിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാര്‍ഗ്രറ്റ് ബെയ്സ് എന്നിവരെയാണ് മാര്‍പാപ്പ ഇന്ന് വിശുദ്ധരായി പ്രഖ്യാപിച്ചത്.
Also Read: അഞ്ച് വിശുദ്ധ ജന്മങ്ങള്‍; അറിയാം ആ പുണ്യജീവിതങ്ങളെക്കുറിച്ച്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam