വി. നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍

Published : Jan 07, 2025, 11:37 PM ISTUpdated : Jan 08, 2025, 08:54 PM IST
വി. നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍

Synopsis

നിലവില്‍ എല്‍പിഎസ് സി മേധാവിയാണ് വി നാരായണന്‍

ദില്ലി: ഐഎസ്ആർഒയുടെ പുതിയ മേധാവിയായി ഡോ.വി നാരായണനെ നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. നിലവില്‍ എല്‍പിഎസ് സി മേധാവിയായ വി നാരായണന്‍ കന്യാകുമാരി സ്വദേശിയാണ്. ഇത് ഏറെ നിര്‍ണായകമായ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദി പറയുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഡോ.എസ്. സോമനാഥിന്റെ കാലാവധി ജനുവരി 15ന് തീരാനിരിക്കെയാണ് പുതിയ നിയമനം.
പതിനാലാം തീയതി തന്നെ ഡോ.നാരായണൻ ചുമതല ഏറ്റെടുക്കും.

41 വർഷമായി ഐഎസ്ആർഒയ്ക്കൊപ്പം സഞ്ചരിക്കുന്ന ഡോ. നാരായണന് ഇത് പ്രവർത്തന മികവിനുള്ള അംഗീകാരം. കന്യാകുമാരിയിലെ ചെറു ഗ്രാമത്തിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം തമിഴ് മീഡിയത്തിലായിരുന്നു. 1984ൽ ഇസ്രൊയുടെ ഒപ്പം യാത്ര തുടങ്ങി. സൗണ്ടിംഗ് റോക്കറ്റുകളിൽ തുടങ്ങി എസ്എൽവി, എഎസ്എൽവി എന്നീ ഇസ്രൊയുടെ ആദ്യ കാല വിക്ഷേപണ വാഹനങ്ങളുടെ വികസനത്തിൽ പങ്കാളിയായി. പിഎസ്എൽവിയും കടന്ന് ജിഎസ്എൽവി വികസനത്തിന്റെ വരെ ഭാഗമായി.

1989ൽ ഐഐടി ഖരഗ്പൂരിൽ നിന്ന് എംടെക് ഒന്നാം റാങ്കോടെ പാസായി. തിരിച്ച് ജോലിയിൽ പ്രവേശിച്ച ശേഷം ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന സംഘത്തിന്റെ ഭാഗമായി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്ക് വഹിച്ചു. എൽവിഎം 3 റോക്കറ്റിന് കരുത്തേകുന്ന സി 25 ക്രയോജനിക് ഘട്ടത്തിന്റെ വികസനത്തിന്റെ അമരത്ത് നാരായണനായിരുന്നു. ക്രയോജനിക് സാങ്കേതിക വിദ്യയിൽ തന്നെ പിഎച് ഡിയും ഇതിനിടയിൽ പൂർത്തിയാക്കി.

ക്രമേണ പ്രൊപ്പൽഷൻ സാങ്കേതിക വിദ്യയിൽ രാജ്യത്തെ മുൻ നിര ശാസ്ത്രജ്ഞനായി നാരായണൻ വളർന്നു. 2018ൽ ഇസ്രൊയുടെ എഞ്ചിൻ വികസന കേന്ദ്രമായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിന്റെ മേധാവിയായി. ചന്ദ്രയാൻ രണ്ട്, മൂന്ന് ദൗത്യങ്ങൾക്കുള്ള റോക്കറ്റ് എഞ്ചിനുകൾ എൽപിഎസ്‍സി യാഥാർത്ഥ്യമാക്കിയത് നാരായണൻ  മേധാവിയായിരിക്കുന്ന കാലത്താണ്.

ചന്ദ്രയാൻ രണ്ട് പരാജയം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ തലവനും ഡോ. നാരായണൻ തന്നെയായിരുന്നു. ഗഗൻയാൻ ദൗത്യത്തിനുള്ള ക്രൂ മൊഡ്യൂളിൽ മനുഷ്യ ജീവൻ നിലനിർത്താനുള്ള സാങ്കേതിക വിദ്യയുടെ വികസനവും എൽപിഎസ്‍സിയിൽ തന്നെയാണ് നടക്കുന്നത്. ഭാവിയുടെ എഞ്ചിനുകളായ ലോക്സ് മിഥെയ്ൻ എഞ്ചിനും ഉപഗ്രഹങ്ങളിലടക്കം ഉപയോഗിക്കാനുള്ള ഇലക്ട്രിക് പ്രൊപ്പൽഷൻ സാങ്കേതിക വിദ്യ വികസനത്തിനും നേതൃത്വം നൽകുന്നതിനിടെയാണ് ഐഎസ്ആർഒ തലപ്പത്തേക്കുള്ള പുതിയ നിയോഗം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം
ഇതോ ​ഗുജറാത്ത് മോഡൽ? 21 കോടി രൂപ ചെലവിൽ നിർമിച്ച കൂറ്റൻ ജലസംഭരണി വെള്ളം നിറച്ചപ്പോൾ ചീട്ടുകൊട്ടാരം പോലെ തകർന്നു