'ഉടന്‍ വാക്‌സീന്‍ സ്വീകരിക്കും, ഡോക്ടര്‍മാര്‍ ദൈവദൂതര്‍'; മലക്കംമറിഞ്ഞ് ബാബാ രാംദേവ്

By Web TeamFirst Published Jun 11, 2021, 12:05 AM IST
Highlights

ജൂണ്‍ 21 മുതല്‍ കൊവിഡ് വാക്‌സിനേഷന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെയും രാംദേവ് സ്വാഗതം ചെയ്തു. ചരിത്രപരമായ നീക്കമാണ് മോദി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
 

ദില്ലി: കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് യോഗഗുരു ബാബാ രാംദേവ്. നേരത്തെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ രാംദേവ് വാക്കുമാറ്റി. താന്‍ വാക്‌സീന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതരാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കൊവിഡിനെതിരെയുള്ള ആധുനിക വൈദ്യ ശാസ്ത്ര ചികിത്സയെയും ഡോക്ടര്‍മാരെയും വിമര്‍ശിച്ചുള്ള രാംദേവിന്റെ പരാമര്‍ശം വിവാദമായിരുന്നു. 

ജൂണ്‍ 21 മുതല്‍ കൊവിഡ് വാക്‌സിനേഷന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെയും രാംദേവ് സ്വാഗതം ചെയ്തു. ചരിത്രപരമായ നീക്കമാണ് മോദി നടത്തിയത്. കൊവിഡ് വാക്‌സീന്‍ രണ്ട് ഡോസുകളുടെയും ആയുര്‍വേദത്തിന്റെയും യോഗയുടെയും ഇരട്ട സംരക്ഷണവും നേടുക. ഇവയുടെ ഒരുമിച്ചുള്ള സംരക്ഷണം നേടിയാല്‍ ഒരാള്‍ പോലും കൊവിഡ് കാരണം മരണപ്പെടില്ലെന്ന് ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് രാംദേവ് പറഞ്ഞു. അലോപ്പതി ഡോക്ടര്‍മാരെയും ബാബാ രാംദേവ് പ്രശംസിച്ചു. 

നല്ല ഡോക്ടര്‍മാര്‍ അനുഗ്രഹമാണ്. അവര്‍ ദൈവദൂതരാണ്. എന്നാല്‍ ചിലര്‍ക്ക് മോശം കാര്യങ്ങളും ചെയ്യാന്‍ സാധിക്കുമെന്നും രാംദേവ് പറഞ്ഞു. ഐഎംഎയുടെ എതിര്‍പ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഒരു സംഘടനക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. അത്യാഹിത ചികിത്സ, ശസ്ത്രക്രിയ എന്നിവക്ക് അലോപ്പതിയാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!