'ബയോവെപ്പൺ' പരാമർശം; അയിഷാ സുൽത്താനക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു, പരാതി നൽകിയത് ദ്വീപ് ബിജെപി അധ്യക്ഷൻ

By Web TeamFirst Published Jun 10, 2021, 8:50 PM IST
Highlights

ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസ്
124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 

കോഴിക്കോട്: ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ അയിഷ  സുൽത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ്  എടുത്തു. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസ്. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 

അയിഷ  സുൽത്താന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ നടത്തിയ പരാമർശം ആണ് പരാതിക്ക് അടിസ്ഥാനം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി  അയിഷ  സുൽത്താനയ്ക്ക് എതിരെ പരാതി നൽകിയത്.

ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ അയിഷ  സുൽത്താന വ്യക്തമാക്കിരുന്നു.  

അയിഷ  സുൽത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം രം​ഗത്തെത്തിയിട്ടുണ്ട്.  കലാകാരിയായ ഐഷ സുൽത്താനക്കൊപ്പം ലക്ഷദ്വീപിലെ സാംസ്കാരിക സമൂഹം ഉറച്ചു നിൽക്കും. ഐഷ നടത്തിയ പ്രസ്താവനയെ രാജ്യദ്യോഹ പരമർശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം അഭിപ്രായപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!