
ദില്ലി: രാജ്യത്ത് ആകെയും വാക്സീൻ ക്ഷാമം അതിരൂക്ഷം. ജൂലൈയിൽ ലക്ഷ്യമിട്ട ഡോസുകൾ നൽകാനാകില്ല എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. നിലവിലെ വേഗതയിലാണ് വാക്സിനേഷൻ തുടരുന്നതെങ്കിൽ 12.5 കോടി ഡോസ് വാക്സീനുകൾ മാത്രമേ ജൂലൈ അവസാനത്തോടെ കൊടുത്തുതീർക്കാനാകൂ. ലക്ഷ്യം 13.5 കോടി വാക്സീൻ വിതരണം ചെയ്യുക എന്നതാണ്. 60 ലക്ഷം ഡോസുകൾ ദിവസംതോറും വിതരണം ചെയ്താലേ ഈ ലക്ഷ്യം നേടാനാവൂ. ജൂലൈ മാസം രണ്ട് ദിവസം മാത്രമേ ദിവസം 60 ലക്ഷം ഡോസ് വാക്സീൻ വിതരണം ചെയ്യാനായിട്ടുള്ളൂ.
ഞായറാഴ്ച വരെ 9.94 കോടി വാക്സീനുകളാണ് ജൂലൈ മാസത്തിൽ വിതരണം ചെയ്തത്. ദിവസം ഏതാണ്ട് ശരാശരി 38.26 ലക്ഷം ഡോസുകൾ എന്നതാണ് കണക്ക്. ജൂലൈ മാസത്തിലാണ് രാജ്യത്തെ വാക്സീനേഷന്‍റെ വേഗത കുറഞ്ഞത്. സാർവത്രിക സൗജന്യവാക്സീൻ എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ജൂൺ 21-ന് 87 ലക്ഷം ഡോസ് വാക്സീൻ ഒരു ദിവസം നൽകി രാജ്യം റെക്കോഡിട്ടതാണ്. ഇതിന് ശേഷമാണ് ജൂലൈയിൽ 13.5 കോടി ഡോസുകൾ നൽകുമെന്ന് പ്രഖ്യാപിച്ചത്.
എന്നാൽ പിന്നീടുള്ള ഔദ്യോഗിക കണക്കുകൾ പരിശോധിച്ചാൽ, വാക്സിനേഷൻ വേഗത കുത്തനെ കുറയുന്നത് കാണാം. ജൂൺ 26-ന് അവസാനിക്കുന്ന ഒരാഴ്ച 4.5 കോടി വാക്സീനുകൾ വിതരണം ചെയ്തെങ്കിൽ, ജൂലൈ 25-ന്, അതായത് കഴിഞ്ഞ ഞായറാഴ്ച അവസാനിച്ച ആഴ്ച വെറും 2.8 കോടി വാക്സീൻ ഡോസുകൾ മാത്രമാണ് വിതരണം ചെയ്തത്. എങ്കിലും ജൂലൈ 23 വരെ, ആഴ്ചയിൽ ശരാശരി 1.51 കോടി ഡോസ് വാക്സീനുകൾ മാത്രമാണ് വിതരണം ചെയ്തിരുന്നതെന്നത് കണക്കിലെടുത്താൽ, നിലവിലുള്ളത് ഉയർന്ന കണക്കാണെന്ന് പറയാം.
രാജ്യത്ത് ഇതുവരെ 34 കോടി പേർ ആദ്യഡോസ് വാക്സീനെങ്കിലും സ്വീകരിച്ചെന്നാണ് കണക്ക്. ഏതാണ്ട് 9.3 കോടി പേർക്ക് രണ്ട് ഡോസും ലഭിച്ചു. മൂന്നാം തരംഗ ഭീഷണി നിലനിൽക്കേ പരാവധി ആളുകളിൽ എത്രയും വേഗം ഒരു ഡോസ് വാക്സീൻ എങ്കിലും എത്തിക്കാനായില്ലെങ്കിൽ അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ 29 ദിവസമായി 50,000-ത്തിൽ താഴെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ നാലേകാൽ ലക്ഷത്തോളം രോഗികളാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 49 ദിവസമായി 5 ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
Read More : സംസ്ഥാനത്ത് വാക്സീൻ ക്ഷാമം രൂക്ഷം, 4 ജില്ലകളിൽ വാക്സിനേഷനില്ല, 5 ജില്ലകളിൽ കൊവാക്സിൻ മാത്രം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam