വൈറസ് ജനിതകമാറ്റം വാക്‌സീനുകളുടെ ഫലപ്രാപ്തി കുറക്കും, പക്ഷേ രോഗം മൂര്‍ച്ഛിക്കുന്നത് തടയും: വിദഗ്ധര്‍

By Web TeamFirst Published May 14, 2021, 8:30 PM IST
Highlights

കൊവാക്‌സിനും കൊവിഷീല്‍ഡിനും 76, 80 ശതമാനമായിരുന്നു ഫലപ്രാപ്തി. വകഭേദങ്ങള്‍ക്കുശേഷം വാക്‌സീന്‍ എടുത്താലും രോഗം ബാധിക്കാമെന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. വകഭേദങ്ങള്‍ക്ക് ശേഷം ഫലപ്രാപ്തി 70, 65 ശതമാനമായി കുറഞ്ഞിരിക്കാം.
 

ദില്ലി: കൊവിഡ് വകഭേദങ്ങളെ വാക്‌സീനുകള്‍ക്ക് മറികടക്കാനാമെങ്കിലും ഫലപ്രാപ്തിയില്‍ കുറവുണ്ടാകുമെന്ന് വിദഗ്ധര്‍. കൊവിഡ് രോഗം മൂര്‍ച്ഛിക്കുന്നതില്‍ നിന്ന് തടയാന്‍ വാക്‌സീനുകള്‍ക്ക് സാധിക്കുമെന്നും ജെനോമിക്‌സ് വിദഗ്ധര്‍ പറഞ്ഞു. വകഭേദങ്ങള്‍ക്ക് മുമ്പ് പോലും കൊവിഡ് ബാധിച്ച ഒരാള്‍ക്ക് സ്വാഭാവികമായി ആറ് മാസത്തേക്ക് 80 ശതമാനം സുരക്ഷയുണ്ടായിരുന്നുവെന്ന് യുകെയിലെ പഠനം പറഞ്ഞിരുന്നു. എന്നാല്‍ വകഭേദങ്ങളുണ്ടായതോടെ സ്വാഭാവിക സുരക്ഷ നഷ്ടമായെന്നും സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടര്‍ ഡോ. അനുരാഗ് അഗര്‍വാള്‍ എന്‍ഡിടിവിയോട് പറഞ്ഞു.

കൊവാക്‌സിനും കൊവിഷീല്‍ഡിനും 76, 80 ശതമാനമായിരുന്നു ഫലപ്രാപ്തി. വകഭേദങ്ങള്‍ക്കുശേഷം വാക്‌സീന്‍ എടുത്താലും രോഗം ബാധിക്കാമെന്ന സ്ഥിതിയാണ്. വകഭേദങ്ങള്‍ക്ക് ശേഷം ഫലപ്രാപ്തി 70, 65 ശതമാനമായി കുറഞ്ഞിരിക്കാം. എന്നിരുന്നാലും രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നതില്‍ നിന്ന് വാക്‌സീനുകള്‍ക്ക് സുരക്ഷ നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ജനിതകമാറ്റം സംഭവിച്ച ബി.1.167 വൈറസുകള്‍ 17 രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനിതക മാറ്റം വന്ന കൊവിഡിനെ കണ്ടുപിടിക്കാന്‍ ഏറ്റവും നല്ലത് ആര്‍ടിപിസിആര്‍ പരിശോധന തന്നെയാണ്. രണ്ടാം തരംഗം യുവാക്കളെ ബാധിക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും റസ്റ്ററന്റുകളും തുറക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ രണ്ടാം തരംഗം കണ്ടുതുടങ്ങിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!