
ദില്ലി: നാഷണൽ കോൺഫ്രൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വൈകോയുടെ ഹേബിയസ് കോർപ്പസ് ഹർജി. തമിഴ്നാട്ടിലെ എംഡിഎംകെ നേതാവും രാജ്യസഭാ എംപിയുമാണ് വൈകോ.
മുൻ തമിഴ്നാട് മുഖ്യമന്ത്രി സി എൻ അണ്ണാദുരൈയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15ന് ചെന്നൈയിൽ നടക്കാൻ പോകുന്ന സമ്മേളനത്തിൽ ഫറൂഖ് അബ്ദുള്ള പങ്കെടുക്കേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹേബിയസ് കോർപ്പസ്. ആഗസ്റ്റ് 5 മുതൽ അദ്ദേഹവുമായി ബന്ധപ്പെടാനാകില്ലെന്ന് വൈകോ ഹർജിയിൽ പറയുന്നു.
ഫറൂഖ് അബ്ദുള്ളയെ സുപ്രീം കോടതി മുന്നാലെ ഹാജരാക്കിയ ശേഷം വിട്ടയക്കണമെന്നും, കോൺഫറൻസിൽ പങ്കെടുക്കാൻ സാഹചര്യമൊരുക്കണമെന്നുമാണ് ഹർജി. ഫറൂഖ് അബ്ദുള്ളയെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈകോ നേരത്തെ കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നുവെങ്കിലും മറുപടിയുണ്ടായില്ല.
നേരത്തെ സിപിഎം നേതാവ് യൂസഫ് തരിഗാമിക്കായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമാനമായ രീതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും പിന്നാലെ തരിഗാമിയെ സന്ദർശിക്കാൻ യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നൽകുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam