കീഴ്‌വഴക്കങ്ങളെല്ലാം കാറ്റിൽപ്പറത്തി, ബെംഗളൂരു - മംഗളൂരു ഘട്ട് പാതയിൽ ട്രയൽ റൺ നടത്തി വന്ദേഭാരത് എക്സ്പ്രസ്

Published : Aug 14, 2026, 08:54 AM IST
Bengaluru - Mangaluru vande bharth

Synopsis

ബാങ്കർ എൻജിനുകളുടെ യാതൊരു സഹായവുമില്ലാതെ, സ്വന്തം കരുത്തിൽ വന്ദേഭാരത് ഈ ഘട്ട് സെക്ഷൻ കയറിയിറങ്ങി.

ബെംഗളൂരു:പശ്ചിമ ഘട്ട മലനിരകളുടെ വന്യമായ സൗന്ദര്യത്തിന് നടുവിലൂടെ ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേഭാരത് എക്സ്പ്രസിന്റെ വിജയക്കുതിപ്പ്. ദുർഘടവും അപകടം നിറഞ്ഞതുമായ ബെംഗളൂരു - മംഗളൂരു ഘട്ട് പാതയിൽ ട്രയൽ റൺ നടത്തി വന്ദേഭാരത് എക്സ്പ്രസ്. ബാങ്കർ എൻജിനുകളുടെ സഹായമില്ലാതെ, അത്യാധുനിക ബ്രേക്കിംഗ് സംവിധാനങ്ങളുമായി പശ്ചിമഘട്ടത്തെ വന്ദേഭാരത് കീഴടക്കിയപ്പോൾ പിറന്നത് റെയിൽവേ ചരിത്രത്തിലെ പുതിയൊരു അധ്യായം.

പ്രകൃതി അതിന്റെ എല്ലാ ഭംഗിയും വന്യതയും ഒളിപ്പിച്ചുവച്ച പശ്ചിമഘട്ടത്തിലെ സുന്ദരമായ 'ഗ്രീൻ റൂട്ട്'. സഖ്‌ലേഷ്പുരയ്ക്കും സുബ്രമണ്യ റോഡിനും ഇടയിലുള്ള 55 കിലോമീറ്റർ ദൂരം കാഴ്ചക്കാരുടെ മനം കവരുമെങ്കിലും ട്രെയിൻ ഗതാഗതത്തിന് ഇത് വെല്ലുവിളികളുടെ പാതയാണ്. 57 തുരങ്കങ്ങളും, 226-ലധികം പാലങ്ങളും, 108 വളവുകളും നിറഞ്ഞ പാത. ഓരോ 50 മീറ്റർ മുന്നോട്ട് പോകുമ്പോഴും ട്രാക്കിൽ ഒരു മീറ്റർ വീതം ഉയർച്ചയോ താഴ്ചയോ അനുഭവപ്പെടുന്ന 1 ഇൻ 50 ഗ്രേഡിയന്റ് എന്ന പ്രതിഭാസം നേരിടുന്ന പാത. നിലവിൽ ഈ പാതയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് ട്രെയിനുകൾക്കും ചരക്ക് വണ്ടികൾക്കും കുത്തനെയുള്ള മലകയറാൻ മുന്നിലെ എൻജിന് പുറമെ, പിന്നിൽ നിന്ന് തള്ളാനായി 'ബാങ്കർ ലോകോമോട്ടീവ്' എന്ന പ്രത്യേക എൻജിനുകൾ ഘടിപ്പിക്കാറുണ്ട്.

ഈ കീഴ്‌വഴക്കങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് വന്ദേഭാരത് ചരിത്രം കുറിച്ചത്. ബാങ്കർ എൻജിനുകളുടെ യാതൊരു സഹായവുമില്ലാതെ, സ്വന്തം കരുത്തിൽ വന്ദേഭാരത് ഈ ഘട്ട് സെക്ഷൻ കയറിയിറങ്ങി. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പ്രത്യേകം സജ്ജമാക്കിയ 'ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്' സിസ്റ്റം ഘടിപ്പിച്ച 20 കോച്ചുകളുള്ള റേക്കാണ് പരീക്ഷണ ഓട്ടത്തിനായി റെയിൽവേ ഉപയോഗിച്ചത്. എന്നാലും വെല്ലുവിളികളുണ്ട്. 30 കിലോമീറ്ററാണ് സഖ്‍ലേഷ്പുരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലെ പരമാവധി വേഗത. ഈ വേഗപരിധിയിൽ വേണം ഈ ഭാഗത്ത് കൂടി വന്ദേഭാരത് കടന്നുപോകാൻ.

ഓഗസ്റ്റ് 20 വരെ തുടരുന്ന പരീക്ഷണ ഓട്ടം പൂർത്തിയാക്കി സർവീസ് തുടങ്ങുന്നതോടെ യാത്രക്കാർക്ക് ലഭിക്കുന്നത് സമാനതകളില്ലാത്ത യാത്രാനുഭവമായിരിക്കും. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന പച്ചപ്പും, കോടമഞ്ഞും, മലനിരകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും വന്ദേഭാരതിന്റെ വലിയ വിൻഡോ ഗ്ലാസുകളിലൂടെ കൺകുളിർക്കെ കാണാം. കാഴ്ച്ചകൾക്കപ്പുറം സമയലാഭമാണ് ഈ ട്രെയിനിന്റെ പ്രധാന ആകർഷണം. ബാങ്കർ എൻജിനുകൾ ഘടിപ്പിക്കാനും മാറ്റാനുമുള്ള സമയം ലാഭിക്കാൻ കഴിയുന്നതിലൂടെയും വന്ദേഭാരതിന്റെ അതിവേഗതയിലൂടെയും ബെംഗളൂരു മംഗളൂരു പാതയിലെ നിലവിലുള്ള ഒമ്പതര മണിക്കൂർ 7 മണിക്കൂറോ അതിൽ താഴെയോ ആയി ചുരുങ്ങും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വിഭജനം ഒരുപാട് ജീവിതങ്ങളെ തകർത്തു'; ഐക്യവും സാഹോദര്യവും നിലനിർത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
മുൻ ഫ്രഞ്ച് സൈനികനായ ഇന്ത്യൻ വംശജൻ ജർമനിയിൽ കുത്തേറ്റ് കൊല്ലപ്പെട്ടു