2020-21 കാലയളവിൽ ട്വിറ്ററിലും ബ്ലോഗിലുമായി അദാനി എന്റർപ്രൈസിനെതിരായ വിവരങ്ങൾ പങ്കുവച്ചതിനാണ് അദാനി ഗ്രൂപ്പ് മാനനഷ്ടക്കേസ് നൽകിയത്.
ദില്ലി: അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ടക്കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം. ഗാന്ധിനഗർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഒരു ദിവസം കോടതിയില്‍ ഹാജരാകാത്തതിന്റെ പേരില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് രവി നായരെ ജയിലിലടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി ഇടക്കാലജാമ്യം നിഷേധിച്ചു. ഇതോടെ രവി നായർ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഫെബ്രുവരിയിൽ ഗാന്ധിനഗറിലെ മാൻസ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രവി നായർക്കതിരെ ഒരു വർഷത്തെ തടവും പിഴയും വിധിച്ചത്.

മാർച്ചിൽ സെഷൻസ് കോടതിയെ സമീപിച്ച് വിധിക്കെതിരെ സ്റ്റേ വാങ്ങിയെങ്കിലും സെപ്റ്റംബർ 3 ന് കേസിന്റെ അപ്പീൽ വാദത്തിനായി ഹാജരാകാത്തത് ചൂണ്ടിക്കാട്ടി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന് സെപ്റ്റംബര്‍ പതിനേഴിന് നേരിട്ട് ഹാജരായ രവിനായരെ അറസ്റ്റ് ചെയ്ത് അഹമ്മദാബാദ് സെൻട്രൽ ജയിലിലടച്ചു. ഹാജരാകാത്തതിന് നോട്ടീസോ സമൻസോ നൽകാതെ ജയിലിലടച്ച നടപടി നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ സംഘടകൾ ചൂണ്ടിക്കാട്ടിയിരുന്നു. 2020-21 കാലയളവിൽ ട്വിറ്ററിലും ബ്ലോഗിലുമായി അദാനി എന്റർപ്രൈസിനെതിരായ വിവരങ്ങൾ പങ്കുവച്ചതിനാണ് അദാനി ഗ്രൂപ്പ് മാനനഷ്ടക്കേസ് നൽകിയത്.
