പൗരത്വ ഭേദഗതി: പോരാട്ടം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി; കൂടുതല്‍ സമയം നൽകിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് കാന്തപുരം

By Web TeamFirst Published Jan 22, 2020, 3:49 PM IST
Highlights

പോരാട്ടം ഒറ്റയ്ക്കും കൂട്ടായും വേണ്ടി വരുമെന്ന് കുഞ്ഞാലിക്കുട്ടി. കൂടുതൽ സമയം കൊടുക്കേണ്ട കാര്യമില്ലായിരുന്നു എന്ന് കാന്തപുരം. സുപ്രീം കോടതിയുടെ സമീപനം പ്രതീക്ഷ നൽകുന്നതാണെന്ന് ചെന്നിത്തല. പ്രക്ഷോഭ പ്രഹസനം നിർത്താൻ പ്രതിപക്ഷം തയ്യാറാകണം വി മുരളീധരൻ. 

ദില്ലി: പൗരത്വ വിഷയത്തിൽ നിയമത്തെ എതിർക്കുന്നവർ ഒരുമിച്ച് നിൽക്കുന്നതാണ് സമരത്തിന് നല്ലതെന്ന് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നിയമ നടപടികൾ നീട്ടി വയ്ക്കണം എന്നാണ് കോടതിയില്‍ ശക്തമായി വാദിച്ചത്. പോരാട്ടം ഒറ്റയ്ക്കും കൂട്ടായും വേണ്ടി വരും. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ളവർ പരസ്പര വിരുദ്ധമായ നിലപാടുകൾ പറയുന്നതിനെതിരെ മുസ്‌ലിം ലീഗ് കൊടുത്ത ആവശ്യത്തിൽ കൂടി കോടതി നോട്ടീസ് നൽകി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൂടുതൽ സമയം കൊടുക്കേണ്ട കാര്യമില്ലായിരുന്നു എന്ന് കാന്തപുരം എ പി അബൂബകക്ര്‍ മുസ്ലിയാര്‍ പ്രതികരിച്ചു. എന്തിനാണ് നാല് ആഴ്ച സമയം നൽകിയത് എന്ന് മനസ്സിലാകുന്നില്ല. ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമം. തീരുമാനം വരുന്നത് വരെ സമരവുമായി മുന്നോട്ട് പോകും. യോജിച്ചുള്ള പ്രക്ഷോഭം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയുടെ സമീപനം പ്രതീക്ഷ നൽകുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ്  ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല എന്ന പ്രതീക്ഷയാണ് കോടതി തരുന്നത് എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. 

കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കാന്‍ കോടതി നാല് ആഴ്ച്ച  സമയം നൽകിയ സാഹചര്യത്തിൽ തെരുവിലെ പ്രക്ഷോഭ പ്രഹസനം നിർത്താൻ പ്രതിപക്ഷം തയ്യാറാകണം എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. ഹർജിയിൽ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ലെന്ന് ഓർക്കണമെന്നും മുരളീധരൻ പറഞ്ഞു. 

പൗരത്വഭേദഗതിയോ സെന്‍സസിന് മുന്നോടിയായുള്ള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പരിഷ്കരണമോ സ്റ്റേ ചെയ്യാന്‍ തയ്യാറല്ലെന്ന് ഇന്ന് രാവിലെയാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. പൗരത്വഭേദഗതിയെ എതിര്‍ത്തുള്ള ഹര്‍ജികള്‍ക്കെല്ലാം മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന കേന്ദ്രസര്‍ക്കരാ‍് വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ തീരുമാനം. ഹര്‍ജികളുമായി ബന്ധപ്പെട്ട് മറഉപടി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നാലാഴ്ച സമയം അനുവദിക്കുകയും ചെയ്തു. 

Read Also: പൗരത്വ നിയമഭേദഗതിക്ക് ഇപ്പോൾ സ്റ്റേയില്ലെന്ന് സുപ്രീംകോടതി, വിപുല ബഞ്ചിന് വിട്ടേക്കും

click me!