ദില്ലി: പൗരത്വനിയമഭേദഗതിക്കോ സെൻസസിന് മുന്നോടിയായുള്ള ദേശീയ ജനസംഖ്യാ റജിസ്റ്റർ പരിഷ്കരണത്തിനോ സ്റ്റേ ചെയ്യാൻ തയ്യാറല്ലെന്ന് സുപ്രീംകോടതി. നിരവധി ഹർജികൾ ഇതിനെ എതിർത്ത് സുപ്രീംകോടതിയിലുണ്ടെന്നും, ഇവയ്ക്ക് എല്ലാം മറുപടി നൽകാൻ സമയം വേണമെന്നും തങ്ങളുടെ വാദം കേൾക്കാതെ ഇത് സ്റ്റേ ചെയ്യരുതെന്ന കേന്ദ്രസർക്കാരിന്‍റെ വാദം അംഗീകരിച്ചാണിത്. ഹർജികളുമായി ബന്ധപ്പെട്ട് മറുപടി സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാരിന് കോടതി നാലാഴ്ച സമയം നൽകി. അഞ്ചാഴ്ച കഴിഞ്ഞ് കേസ് ഇനി പരിഗണിക്കും.

അതോടൊപ്പം, പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് അസമിലെ പ്രശ്നങ്ങൾ വേറെയാണെന്നും, രാജ്യത്തെ മറ്റിടങ്ങളിലെ പ്രശ്നങ്ങൾ വേറെയാണെന്നും ചീഫ് ജസ്റ്റിസ്. അതിനാൽ അസമിൽ നിന്നും ത്രിപുരയിൽ നിന്നും വന്ന ഹർജികൾ പ്രത്യേകം പരിഗണിക്കും. രാജ്യത്തെ മറ്റിടങ്ങളിലെ ഹർജികൾ വേറെയായും പരിഗണിക്കും. 

അസം, ത്രിപുര ഹർജികൾ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം ചേർത്ത് വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് വിടാനുള്ള സാധ്യതയും കോടതി തള്ളിക്കളഞ്ഞില്ല. അഞ്ചാഴ്ചയ്ക്ക് ശേഷം കേന്ദ്രസർക്കാർ മറുപടി നൽകട്ടെ. അതിന് ശേഷം, ഹർജികൾ പരിഗണിക്കുമ്പോൾ ഹർജികൾ വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് പറയുമ്പോൾ, ഇത് വിശാലമായ ഭരണഘടനാ പ്രശ്നമായിത്തന്നെ കോടതി കണക്കാക്കുമെന്ന വ്യക്തമായ സൂചനയായി.

അഞ്ചാഴ്ചയ്ക്ക് ശേഷം ഹർജികൾ പരിഗണിക്കുന്നത് വരെ, രാജ്യത്തെ പല കോടതികളിലായി പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പല ഹർജികളിലും ഒരു തരത്തിലുള്ള ഉത്തരവുകളോ, സ്റ്റേയോ ഏർപ്പെടുത്തരുതെന്നും, സുപ്രീംകോടതി ഉത്തരവിട്ടു.

ഹർജികളിൽ മറുപടി സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാരിന് സമയം നീട്ടിക്കിട്ടുമ്പോൾ, ബിജെപിക്ക് ഇത് വലിയ ആശ്വാസമാണ്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8-നാണ്. ഫലം ഫെബ്രുവരി 11-നും. കേന്ദ്ര ബജറ്റ് ഫെബ്രുവരി 1-ന് നടക്കാനിരിക്കുന്നു. അലങ്കോലമാകാൻ സാധ്യതയുള്ള ബജറ്റ് സമ്മേളനവും ദില്ലി നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷം മാത്രമേ കേസ് സുപ്രീംകോടതി പരിഗണിക്കൂ. 

നിർണായകമായ കോടതിനടപടികൾ തത്സമയം വീക്ഷിക്കാൻ വൻതിരക്കാണ് ഇന്ന് കോടതിമുറിയിലുണ്ടായത്. ചീഫ് ജസ്റ്റിസ് അടക്കം എത്തുമ്പോഴും തിരക്കും ബഹളവും അടങ്ങിയില്ല. ഹർജി പരിഗണിച്ച് തുടങ്ങിയപ്പോഴും ബഹളവും തിരക്കും തുടർന്നു. അഭിഭാഷകരുടെ വാദം കേൾക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പരാതി പറഞ്ഞപ്പോൾ, ആർക്കൊക്കെയാണ് കോടതിമുറിയിൽ കയറാനാകുക എന്ന് തീരുമാനിക്കണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടു. അത്തരം എന്തെങ്കിലും നടപടിയെടുക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസും വ്യക്തമാക്കി.

കേസിൽ വാദം തുടങ്ങിയപ്പോൾ, 140 ഹർജികൾ പൗരത്വ നിയമഭേദഗതിക്ക് എതിരെ നൽകിയതിൽ, 60 എണ്ണത്തിലാണ് കേന്ദ്രസർക്കാരിന് നോട്ടീസ് കിട്ടിയിരിക്കുന്നത്. ഇതിനുള്ള മറുപടി സത്യവാങ്മൂലങ്ങൾ തയ്യാറാണെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. എന്നാലിനിയും എൺപതോളം ഹർജികളുണ്ടെന്നും, അവയ്ക്ക് എല്ലാം മറുപടി തയ്യാറാക്കണമെങ്കിൽ സമയം വേണമെന്നും കേന്ദ്രം വ്യക്തമാക്കി.

എന്നാൽ മുസ്ലിം ലീഗിനും, ടി എൻ പ്രതാപൻ എംപിയ്ക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാകട്ടെ ദേശീയ ജനസംഖ്യാ റജിസ്റ്റർ നടപടികൾ പലയിടത്തും തുടങ്ങുകയാണെന്നും, അതിന് സ്റ്റേ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ എജി ഇതിനെ ശക്തമായി എതിർത്തു.

എന്നാൽ കേന്ദ്രസ‍ർക്കാരിനെ കേൾക്കാതെ പൗരത്വ നിയമഭേദഗതിക്കോ, എൻപിആറിനോ (National population Register) സ്റ്റേ ഏർപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

2014 ഡിസംബർ 31-നകം അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിൽ വംശീയാക്രമണത്തിൽ നിന്ന് രക്ഷ നേടാൻ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യൻ, പാഴ്സി ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് അഭയാർത്ഥികളായി വന്നവർക്ക് പൗരത്വം ഉറപ്പു നൽകുന്നതായിരുന്നു കേന്ദ്രസർക്കാർ ഡിസംബർ 11-ന് പാസ്സാക്കിയ പൗരത്വ നിയമഭേദഗതി ബില്ല്. പൗരനാകാൻ കുറഞ്ഞത്  ഇന്ത്യയിൽ സ്ഥിരതാമസം 11 വർഷമെന്നത് ഈ ബില്ലിലൂടെ 6 വർഷമായി ചുരുക്കി. എന്നാൽ ഇതിൽ മുസ്ലിങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്ന് വാദിച്ചാണ് പല ഹർജികളും നൽകപ്പെട്ടിട്ടുള്ളത്. ഭരണഘടനയുടെ 14-ാം അനുച്ഛേദം അനുസരിച്ച്, മതത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു വിവേചനവും ഇന്ത്യയുടെ അതിർത്തിയ്ക്ക് അകത്തുള്ള ഒരാൾക്കും നേരിടാൻ പാടില്ല.