'വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; ആളുകളെ ഒഴിപ്പിക്കുന്നു, 60 ലക്ഷം പേരെ ബാധിച്ചേക്കും

By Web TeamFirst Published Jun 12, 2019, 12:29 PM IST
Highlights

ഗുജറാത്തിന്‍റെ തീരമേഖലയിൽ അതീവജാഗ്രതാ നിർദേശമുണ്ട്. മുംബൈ നഗരത്തിലും ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ തീരമേഖലയിലും കനത്ത കാറ്റും മഴയുമുണ്ടാകും. 

അഹമ്മദാബാദ്: 'വായു' ചുഴലിക്കാറ്റ് അതിതീവ്രരൂപം പ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിലാണ് 'വായു' നാളെ രാവിലെ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിൽ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. 

നാളെ രാവിലെയോടെ വായു ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്. പോർബന്ദറിനും മഹുവയ്ക്കുമിടയിൽ വെരാവൽ - ദിയു മേഖലയ്ക്കടുത്ത് ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാം. ഇത് മണിക്കൂറിൽ 135 കിലോമീറ്റർ വരെയാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

'വായു' ചുഴലിക്കാറ്റിന്‍റെ ഇപ്പോഴത്തെ സ്ഥാനം താഴെക്കാണാം: (ലോകമെങ്ങുമുള്ള ചുഴലിക്കാറ്റുകളുടെ ഗതി തത്സമയം അടയാളപ്പെടുത്തുന്ന windy എന്ന ഓൺലൈൻ വിഡ്‍ജറ്റാണിത്. വായു ചുഴലിക്കാറ്റിന്‍റെ ഇപ്പോഴത്തെ സ്ഥാനം അറിയാൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ ഭാഗത്തേക്ക് മാപ്പ് സ്ക്രോൾ ചെയ്യുക)

60 ലക്ഷം പേരെ ബാധിച്ചേക്കും

'വായു' ചുഴലിക്കാറ്റ് നാളെ തീരം തൊടുമെന്ന മുന്നറിയിപ്പോടെ ഗുജറാത്തിന്‍റെ തീരമേഖലയിൽ വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന മേഖലകളിൽ താമസിക്കുന്നവരെയും തീരത്തിന് തൊട്ടടുത്ത് താമസിക്കുന്നവരെയും ഒഴിപ്പിച്ചു തുടങ്ങി. ഗുജറാത്ത്, കേന്ദ്രഭരണപ്രദേശമായ ദാമൻ - ദിയു എന്നിവിടങ്ങളിൽ നിന്ന് മൂന്ന് ലക്ഷം പേരെയെങ്കിലും ഒഴിപ്പിക്കുമെന്നാണ് സൂചന. ഇവർക്കായി 700 ദുരിതാശ്വാസക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. 

സൗരാഷ്ട്ര, കച്ച് മേഖലകളിൽ നിന്നുള്ളവരെയാണ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നത്. എല്ലാവരോടും സർക്കാർ നടപടികളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഗുജറാത്തിലെ അഡീ. ചീഫ് സെക്രട്ടറി പങ്കജ് കുമാർ അറിയിച്ചു. 

ജാഗ്രതാ നിർദേശം നൽകിയ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരുക്കങ്ങൾ വിലയിരുത്തി. വേണ്ടത്ര ദുരിതാശ്വാസക്യാമ്പുകൾ തുറക്കണമെന്നും കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകണമെന്നും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കണമെന്നും അധികൃതർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. 

ദേശീയ ദുരന്ത നിവാരണ സേനയുടെ 25 ടീമുകളെ ഗുജറാത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഓരോ കമ്പനിയിലും 45 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ബോട്ടുകളും മരങ്ങൾ മുറിച്ച് നീക്കാനുള്ള സാമഗ്രികളും ടെലികോം ഉപകരണങ്ങളും ആവശ്യത്തിന് ഓരോ ടീമിന്‍റെയും പക്കലുണ്ട്. ഇവിടേക്ക് പത്ത് ടീമുകളെക്കൂടി നിയോഗിക്കാൻ ഗുജറാത്ത് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. നാളെ രാവിലേക്ക് ഈ സംഘങ്ങളും അവിടേക്ക് എത്തും. ഇതോടെ ആകെ 35 കമ്പനി കേന്ദ്രസേന ഇവിടെ രക്ഷാപ്രവർത്തനത്തിനായി എത്തും. 

വൈദ്യുതി, വാർത്താ വിനിമയം എന്നീ സൗകര്യങ്ങളും കുടിക്കാൻ ശുദ്ധമായ വെള്ളം ഉറപ്പാക്കുകയും ആശുപത്രികൾ സജ്ജമാക്കുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിലേതെങ്കിലുമൊന്നിന് തടസ്സം നേരിട്ടാൽ അടിയന്തരമായി ഇടപെടണമെന്നും നിർദേശമുണ്ട്. 

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, ദാമൻ ദിയു എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവം പ്രതിഫലിക്കാനിടയുണ്ട്. ഇവിടങ്ങളിൽ കനത്ത മഴ പെയ്യുമ്പോൾ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. 

തീരദേശസംരക്ഷണ സേന, നാവിക, വായു, കരസേനകൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണത്തിനായി എല്ലാ സന്നാഹങ്ങളും തയ്യാറാക്കാനാണ് നിർദേശം. വായുസേനയോട് വ്യോമനിരീക്ഷണത്തിനായി ഹെലികോപ്റ്ററുകൾ സജ്ജമാക്കാനും നിർദേശിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 

'വായു' - ജാഗ്രതയോടെ IMD

തിരകൾ 1 മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. കച്ച്, ദ്വാരക, പോർബന്ദർ, ജുനഗഢ്, ദിയു, ഗിർ സോമനാഥ്, അമ്രേലി, ഭാവ്‍നഗർ എന്നീ ജില്ലകളിലെ തീരമേഖലയിൽ ശക്തമായ കടൽക്ഷോഭമുണ്ടാകും. വെള്ളം കയറാനും സാധ്യതയുണ്ട്. ഈ ജില്ലകളിൽ 12 മുതൽ 14 വരെ തീയതികളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും. 

കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ഭൗമശാസ്ത്രമന്ത്രാലയ സെക്രട്ടറിയുമായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെയും ആഭ്യന്തരമന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കാബിനറ്റ് സെക്രട്ടറി പി കെ സിൻഹയും ഗുജറാത്ത് ചീഫ് സെക്രട്ടറി ജെ എൻ സിങും എല്ലാ സേനാവിഭാഗങ്ങളുമായും മറ്റ് വകുപ്പ് മേധാവികളുമായും ചർച്ചകൾ നടത്തി. 

35 എൻഡിആർഎഫ് സംഘങ്ങൾക്ക് പുറമേ 11 എസ്‍ഡിആർഎഫ് സംഘങ്ങളെയും സ്ഥലത്ത് നിയോഗിക്കും. സംസ്ഥാനപൊലീസും പൂർണസന്നാഹങ്ങളോടെ തയ്യാറാണ്. 

'ജൂൺ 13, 14 തീയതികൾ നിർണായകമാണ്. സൈന്യത്തിനൊപ്പം ദുരന്തനിവാരണസേനയേയും തീരദേശസംരക്ഷണ സേനയേയും രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്'', മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി. 

മന്ത്രിസഭാ യോഗമടക്കമുള്ള എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി മന്ത്രിമാരെ ഓരോ ജില്ലകളിലായി രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ നിയോഗിച്ചിട്ടുണ്ട്. 

വായു ചുഴലിക്കാറ്റിന്‍റെ പാത ഇങ്ങനെയാണ്: 

Track of Very Severe , heading towards Coast, . pic.twitter.com/dNJ4gjxyr0

— SkymetWeather (@SkymetWeather)
click me!