
ചെന്നൈ: കൊല്ലപ്പെട്ട വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യയും മകളും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു. കൃഷ്ണഗിരി നിയമസഭാ മണ്ഡലത്തില്‍ അടുത്തിടെ ഡി.എം.കെ. സഖ്യം വിട്ട വേൽമുരുകന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് വാഴ്‌വുരിമൈ കക്ഷിക്കുവേണ്ടി ഭാര്യ മുത്തുലക്ഷ്മിയും, മേട്ടൂര്‍ മണ്ഡലത്തിൽ നാം തമിഴര്‍ കക്ഷി സ്ഥാനാര്‍ത്ഥിയായി മകള്‍ വിദ്യാറാണിയും മത്സരിക്കുകയാണ്. തമിഴ്‌നാട് വാഴ്‌വുരിമൈ കക്ഷി പുറത്തുവിട്ട നൂറു സ്ഥാനാർഥികളടങ്ങുന്ന ആദ്യ പട്ടികയിലാണ് മുത്തുലക്ഷ്മിക്ക് സീറ്റ് അനുവദിച്ചിരിക്കുന്നത്. ക്യാമറയാണ് ചിഹ്നം. ഇരുപത് വർഷത്തിലേറെ സത്യമംഗലം കാടുകളിൽ ഭീകരതസൃഷ്ടിച്ചിരുന്ന വീരപ്പൻ 2004 ഒക്ടോബർ 18-നാണ് പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റു മരിച്ചത്.
പാവപ്പെട്ടവരുടെ ശബ്ദമായിരുന്നു വീരപ്പനെന്ന് ഭാര്യ മുത്തുലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീരപ്പൻ ജീവിച്ചിരുന്നാൽ രാഷ്ട്രീയ ഭാവിക്ക് ഭീഷണിയാകുമെന്ന ആശങ്ക നേതാക്കൾക്കുണ്ടായിരുന്നു. അതാണ് വീരപ്പനെ വെടിവച്ചുകൊല്ലാൻ ഉത്തരവിറക്കാൻ കാരണം. വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രിയായേനെ. മരം മുറിച്ചതും മൃഗങ്ങളെ വേട്ടയാടിയതും ഒപ്പമുള്ളവരെ സംരക്ഷിക്കാനായിരുന്നു. പാവപ്പെട്ടവരുടെ ശബ്ദമായിരുന്നു വീരപ്പൻ. മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും വീരപ്പൻ ജനഹൃദയങ്ങളിൽ ജീവിക്കുന്നു. അതിന്റെ തെളിവാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മകൾക്ക് ഒരു ലക്ഷത്തിലേറെ വോട്ട് ലഭിക്കാൻ കാരണം- മുത്തുലക്ഷ്മി പറയുന്നു.
കൃഷ്ണഗിരിയിൽ ഇക്കുറി തനിക്ക് ജയം ഉറപ്പാണെന്നും, ജയിച്ചാൽ ജില്ലയിലെ പാറമടകൾ എല്ലാം അടച്ചുപൂട്ടും എന്നും മുത്തുലക്ഷ്മി മുത്തുലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2006 ല്‍ സ്വതന്ത്രയായി മത്സരിച്ച ശേഷം മുത്തുലക്ഷ്മി ഇപ്പോഴാണ് ജനവിധി തേടുന്നത്. നാം തമിഴര്‍ കക്ഷിയും തമിഴക വാഴ് വുരിമൈ കക്ഷിയും തമിഴ് ദേശീയത എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികളാണ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീരപ്പന്‍റെ മകൾ വിദ്യാറാണി നാം തമിഴകര്‍ കക്ഷി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. 35 കാരിയായ വിദ്യാറാണി അഭിഭാഷക കൂടിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam