
കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായി സൗരവ് ഗാംഗുലിയുടെ (Saurav Ganguly) വീട്ടിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് (Amit Shah) അത്താഴ വിരുന്ന് നല്‍കി. കൊൽക്കത്തയിലെ വീട്ടിലാണ് അമിത് ഷായ്ക്ക് വേണ്ടി ഗാംഗുലി അത്താഴവിരുന്നൊരുക്കിയത്. ഷാ വരുന്നത് അറിഞ്ഞ് ഒട്ടേറെ പാർട്ടി പ്രവർത്തകർ വഴിയിൽ കാത്തുനിന്നിരുന്നു.
ഇവരെ എല്ലാം അഭിവാദ്യം ചെയ്താണ് അദ്ദേഹം ഗാംഗുലിയുടെ വീട്ടിലേക്ക് എത്തിയത്. വെള്ള നിറമുള്ള എസ്യുവിയിൽ കനത്ത സുരക്ഷാ വലയത്തിലാണ് അദ്ദേഹം എത്തിയത്. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
അമിത് ഷാക്ക് സസ്യവിഭവങ്ങൾ മാത്രമാണ് തയ്യാറാക്കിയിരുന്നതെന്ന് ഗാംഗുലി പറഞ്ഞു. അത്താഴത്തിനുള്ള തന്റെ ക്ഷണം ആഭ്യന്തരമന്ത്രി സ്വീകരിച്ചെന്നും 2008 മുതൽ തനിക്ക് അമിത് ഷായെ പരിചയമുണ്ടെന്നും ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു.
കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിൽ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന 'മുക്തി-മാത്രിക' എന്ന സാംസ്‌കാരിക പരിപാടിയിലും അമിത് ഷാ പങ്കെടുത്തു. പരിപാടിയിൽ ഒഡീസി നർത്തകിയും സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ ഗാംഗുലിയുടെ നൃത്ത ട്രൂപ്പായ ദിക്ഷ മഞ്ജരിയുടെയും നൃത്തവും പരിപാടിയിൽ അവതരിപ്പിച്ചു.
ബംഗാളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമിത് ഷാ പര്യടനം നടത്തുന്നത്. മൂന്ന് ദിവസമാണ് സന്ദർശനം. പ്രധാന നേതാക്കളെയും പാർട്ടി അനുഭാവികളെയും കാണുന്നുണ്ട്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നിയമസഭയിലും മികച്ച പ്രകടനം നടത്താമെന്നാണ് ബിജെപി പ്രതീക്ഷിച്ചത്. എന്നാൽ 200 സീറ്റിലധികം നേടി തൃണമൂൽ കോൺഗ്രസ് വിജയിച്ചു. സൗരവ് ഗാംഗുലി അമിത് ഷാക്ക് വിരുന്നൊരുക്കുന്നത് ആകാംക്ഷയോടെയാണ് ബംഗാൾ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഗാംഗുലി ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam