
ദില്ലി: വെനസ്വേലയിലുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പം ഇന്ത്യയുടെ വർധിച്ചുവരുന്ന എണ്ണ വ്യാപാരത്തിന് കടുത്ത ആശങ്ക ഉയർത്തുന്നു. ഭൂകമ്പത്തെത്തുടർന്ന് കപ്പൽ ഗതാഗതത്തിലുണ്ടാകുന്ന താമസം, തുറമുഖങ്ങളിലെ തടസ്സങ്ങൾ, ഇൻഷുറൻസ് ചെലവുകളിലെ വർധനവ് എന്നിവ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് സാമ്പത്തിക-വ്യവസായ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജൂൺ 24-നാണ് വെനസ്വേലയെ നടുക്കി നിമിഷങ്ങളുടെ വ്യത്യാസത്തിൽ റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായത്. രാജ്യത്തിന്റെ 125 വർഷത്തെ ചരിത്രത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണിത്. ദുരന്തത്തിൽ നൂറുകണക്കിന് ആളുകൾ മരണപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും തുടരുന്ന തുടർചലനങ്ങൾ മേഖലയെ ഭീതിയിലാഴ്ത്തുകയാണ്.
ഇറാൻ യുദ്ധം കാരണം മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടപ്പോഴാണ് ഇന്ത്യ ബദലായി വെനിസ്വേലയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വലിയ തോതിൽ വർധിപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ വെനസ്വേലയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്നിരുന്നു. എന്നാൽ, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധികൾ ഒഴിവാക്കിക്കൊണ്ട് യുഎസും ഇറാനും തമ്മിൽ ദിവസങ്ങൾക്ക് മുൻപ് സമാധാനക്കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് വെനിസ്വേലയിൽ പ്രകൃതിദുരന്തം വില്ലനായെത്തുന്നത്.
എണ്ണ ശുദ്ധീകരണ ശാലകൾക്കും കയറ്റുമതി കേന്ദ്രങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചില്ലെങ്കിൽ പോലും രാജ്യത്തുണ്ടായ വൈദ്യുതി തടസ്സം, തകർന്ന ഗതാഗത സംവിധാനങ്ങൾ, തുറമുഖങ്ങളിലെ അടിയന്തരാവസ്ഥ എന്നിവ ചരക്കുനീക്കത്തെ ദിവസങ്ങളോളമോ ആഴ്ചകളോളമോ വൈകിപ്പിച്ചേക്കാം. വെനസ്വേലയുടെ പ്രധാന ചരക്കുഗതാഗത കവാടമായ 'ലാ ഗ്വൈറ' നിലവിൽ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇത് കപ്പൽ ഓപ്പറേറ്റർമാരുടെ ചെലവ് വർധിപ്പിക്കും. തുറമുഖങ്ങളിൽ കപ്പലുകൾ കൂടുതൽ സമയം കാത്തുകിടക്കേണ്ടി വരുന്നത് വലിയ തുക നഷ്ടമുണ്ടാക്കും. കൂടാതെ, വെനസ്വേലയിൽ നിന്നുള്ള കപ്പലുകൾക്ക് ഇതുവരെ രാഷ്ട്രീയ-യുദ്ധ സുരക്ഷാ ഇൻഷുറൻസ് മാത്രമാണ് പരിഗണിച്ചിരുന്നതെങ്കിൽ, ഇനി മുതൽ പ്രകൃതിദുരന്ത സാധ്യത കൂടി കണക്കിലെടുത്ത് ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ കൂട്ടിയേക്കും. ഇത് എണ്ണവിലയെയും ബാധിച്ചേക്കാം.
ഇന്ത്യൻ നിക്ഷേപങ്ങൾക്കും പ്രതിസന്ധി
വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ മാത്രമല്ല ഇന്ത്യയ്ക്ക് ആശങ്കയുള്ളത്. ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസി വിദേശ് വഴി വെനിസ്വേലയിലെ എണ്ണ പദ്ധതികളിൽ ഇന്ത്യയ്ക്ക് നേരിട്ട് നിക്ഷേപമുണ്ട്. അതിനാൽ അവിടെയുണ്ടാകുന്ന ഏത് തടസ്സവും ഇന്ത്യയുടെ സാമ്പത്തിക താല്പര്യങ്ങളെ നേരിട്ട് ബാധിക്കും.
ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസുമായി ചർച്ച നടത്തിയിരുന്നു. എണ്ണയ്ക്ക് പുറമെ ഖനനം, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് നിക്ഷേപം നടത്തുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. എന്നാൽ പുതിയ സാഹചര്യത്തിൽ ഈ പദ്ധതികളെല്ലാം വൈകാനോ പുനഃപരിശോധിക്കാനോ സാധ്യതയുണ്ട്. മിഡിൽ ഈസ്റ്റിനെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യ കണ്ടെത്തിയ പുതിയ എണ്ണക്കയറ്റുമതി പാതയിലാണ് ഇപ്പോൾ ഭൂകമ്പത്തിന്‍റെ രൂപത്തിൽ പുതിയൊരു ഭീഷണി ഉയർന്നുവന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam