നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ലാതൂരിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശിവരാജ് രഘുനാഥ് മോട്ടേഗോങ്കറുടെ മകന് പരീക്ഷയ്ക്ക് മുമ്പ് 132 കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും ലഭിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സിബിഐ കുറ്റപത്രം. കേസിൽ അറസ്റ്റിലായ എൻടിഎ വിഷയ വിദഗ്ധൻ പിവി കുൽക്കർണി പരീക്ഷയ്ക്ക് രണ്ട് ആഴ്ച്ച മുൻപ് സ്പെഷ്യൽ ക്ലാസുകൾ നടത്തി. നീറ്റ് പരീക്ഷയുടെ 132 ചോദ്യങ്ങൾ കുൽക്കർണി ക്ലാസിൽ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. ലാത്തൂരിലെ കോച്ചിംഗ് സെന്റർ ഉടമയുടെ മകനും ഈ ക്ലാസിൽ പങ്കെടുത്തിരുന്നു.
നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ലാതൂരിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശിവരാജ് രഘുനാഥ് മോട്ടേഗോങ്കറുടെ മകന് പരീക്ഷയ്ക്ക് മുമ്പ് 132 കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും ലഭിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തൽ. പിവി കുൽക്കർണി ഈ ചോദ്യങ്ങൾ പ്രത്യേക ക്ലാസിൽ പറഞ്ഞുകൊടുത്തെന്നാണ് അന്വേഷണത്തിൽ പറയുന്നത്. ഏപ്രിൽ 18, 19, 22 തീയതികളിലാണ് പ്രത്യേക ക്ലാസുകൾ നടന്നത്. ലാതൂരിലെ സിദ്ധിവിനായക് ആശുപത്രിയുടെ മൂന്നാം നിലയിലെ റൂമിലാണ് ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ ക്ലാസുകൾ നടത്തിയെന്നാണ് മൊഴി.
നീറ്റ് വിദഗ്ധനായ അധ്യാപകനാണ് പ്രധാനപ്പെട്ട ചോദ്യങ്ങൾ നൽകും എന്ന് കാട്ടിയാണ് കോച്ചിംഗ് സെന്റർ ഉടമ മകനെ ഇവിടേക്ക് അയച്ചത്. മറ്റ് ചില വിദ്യാർത്ഥികൾക്കും കുൽക്കർണി ഇങ്ങനെ പ്രത്യേക ക്ലാസ് എടുത്തിരുന്നു എന്നും സിബിഐ വ്യക്തമാക്കുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോച്ചിംഗ് സെന്റർ ഉടമയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 13 പ്രതികളെ ഉൾപ്പെടുത്തി ജൂലൈ 28ന് ദില്ലിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രത്തിൽ 360 സാക്ഷികളുടെ മൊഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

