എതിരാളികളാണ് പക്ഷേ ശത്രുക്കളല്ല; രാഷ്ട്രീയപാർട്ടികൾ ശൈലി മാറ്റണമെന്ന് വെങ്കയ്യ നായിഡു, മോദിക്ക് പ്രശംസ

By Web TeamFirst Published Sep 24, 2022, 4:26 PM IST
Highlights

പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കൂടുതല്‍ കൂടിക്കാഴ്ചകൾ നടത്തണമെന്ന് വെങ്കയ്യനായിഡു പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ളവർ എതിരാളികളാണ് എന്നാല്‍ ശത്രുക്കളല്ല. മറ്റ് രാഷ്ട്രീയ പാർട്ടികളിലുള്ളവരെ ബഹുമാനിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

ദില്ലി: എതിരാളികളെ ശത്രുക്കളായി കാണുന്ന രാഷ്ട്രീയ ശൈലിക്കെതിരെ മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ നേതാക്കളുമായി കൂടുതല്‍ കൂടിക്കാഴ്ചകൾ നടത്തണമെന്ന് വെങ്കയ്യനായിഡു പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ളവർ എതിരാളികളാണ്, എന്നാല്‍ ശത്രുക്കളല്ല. മറ്റ് രാഷ്ട്രീയ പാർട്ടികളിലുള്ളവരെ ബഹുമാനിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

നരേന്ദ്രമോദിയുടെ പ്രസംഗങ്ങളുടെ സമാഹാരമായ 'സബ്‍കാ സാത് സബ്‍കാ വികാസ് സബ്‍കാ വിശ്വാസ്' എന്ന പുസ്തകം ദില്ലിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു  വെങ്കയ്യനായിഡു. "പ്രധാനമന്ത്രിയുടെ നേട്ടങ്ങളെക്കുറിച്ചും ശൈലികളെക്കുറിച്ചും ചിലർക്കൊക്കെ ഇപ്പോഴും വ്യക്തതക്കുറവുണ്ട്. അത് തെറ്റിദ്ധാരണ മൂലമാണ്. ചിലപ്പോൾ രാഷ്ട്രീയപരമായ നിർബന്ധങ്ങൾ മൂലവും ആകാം. ഒരു സമയം കഴിയുമ്പോൾ ഈ തെറ്റിദ്ധാരണകളൊക്കെ മാറും. പ്രതിപക്ഷ നേതാക്കളുമായും മറ്റും കൂടുതല്‍ കൂടിക്കാഴ്ചകൾ പ്രധാനമന്ത്രി നടത്തണം" വെങ്കയ്യ നായിഡു പറഞ്ഞു. 

"ഇന്ത്യ‌ ഇപ്പോൾ ശ്രദ്ധേയമായ സ്ഥാനത്താണ്. അതിന്റെ ശബ്ദം ലോകമാകെ ഉയർന്നുകേൾക്കുന്നുണ്ട്. കുറഞ്ഞൊരു സമയത്തിനുള്ളിൽ ഇത്രവലിയ നേ‌ട്ടം എന്നത് സാധാരണമല്ല. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനഫലമാണ്. ജനങ്ങൾക്ക് അദ്ദേഹം നൽകുന്ന നേതൃത്വം കൊണ്ടാണ്, ഇന്ത്യ കൈവരിക്കുന്ന പുരോ​ഗതി കൊണ്ടാണ്". മുൻ ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു. 

അതേസമയം, രാഷ്ട്രീയപാർട്ടികളും ജനവിധിയോട് തുറന്ന സമീപനം സ്വീകരിക്കണമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. രാഷ്ട്രീയപാർട്ടികൾ എതിരാളികളാണ് പക്ഷേ ശത്രുക്കളല്ല. എല്ലാ പാർട്ടികളും പരസ്പരം ബഹുമാനിക്കണം. പ്രധാനമന്ത്രി, രാഷ്ട്രപതി, മുഖ്യമന്ത്രി തുടങ്ങിയ സ്ഥാനങ്ങളെല്ലാം ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാ​ഗ് താക്കൂർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 86 പ്രസം​ഗങ്ങളാണ് സമാഹാരത്തിലുള്ളത്. 10 ഭാ​ഗങ്ങളായി തിരിച്ചാണ് വിവിധ വിഷയങ്ങളിലുള്ള പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 

Read Also: ഇന്ത്യയിലേക്കുള്ള റഷ്യയുടെ കപ്പലോട്ടം തുടരുന്നു; കയറ്റുമതിയിൽ ഇടിവ്

 

 

click me!