
ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയില്‍ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക്(NCB) പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് (Shama Mohamed). ചെറിയ മീനുകളെ പിടിക്കാനുള്ള തിരക്കിലാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയെന്നാണ് ഷമ പ്രതികരിക്കുന്നത്. അദാനിയുടെ മുന്ദ്ര പോര്‍ട്ടിലൂടെ(Adani's Mundra port) 3000 കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തിയതില്‍ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് മൌനമാണെന്നും ഷമ ട്വീറ്റിലൂടെ പറയുന്നു. വമ്പന്‍മാരെ എന്തിനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇത്തരത്തില്‍ സംരക്ഷിക്കുന്നതെന്നും ഷമ മുഹമ്മദ് ചോദിക്കുന്നു. ആരുടെ ഉത്തരവിലാണ് ഈ സംരക്ഷണമെന്നും ഷമ ചോദിക്കുന്നു.
രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് സെപ്തംബറില്‍ ഗുജറാത്തിലെ തുറമുഖത്ത് നിന്നുണ്ടായത്. രണ്ട് കണ്ടെയ്നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് ഖച്ച് ജില്ലയിലെ മുന്ദ്രാ തുറമുഖത്ത് നിന്ന് പിടിച്ചത്. മുന്ദ്ര തുറമുഖ നടത്തിപ്പുകാരാണെങ്കിലും കണ്ടെയ്നറുകളിലുള്ള സാധനങ്ങളിൽ ഉത്തരവാദിത്തമില്ലെന്ന് അദാനി ഗ്രൂപ്പ് ഹെറോയിന്‍ വേട്ടയേക്കുറിച്ച് പ്രതികരിച്ചിരുന്നു.
ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസില്‍ ഷാറൂഖാൻ്റെ മകൻ ആര്യൻ ഖാൻ അടക്കം എട്ടുപേരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam