
സാസാറാം: പഠിക്കാൻ അത്യാവശ്യമായി വേണ്ടത് പ്രശാന്തമായ(calm) ഒരു അനുയോജ്യസാഹചര്യമാണ്(situation). മനസ്സമാധാനം. ഇരുന്നു വായിക്കാൻ ഒരു മേശ, കസേര. വെളിച്ചം പകരാനൊരു ട്യൂബ് ലൈറ്റ് അല്ലെങ്കിൽ ഒരു ടേബിൾ ലാംപ്. ഇതൊക്കെ ഉണ്ടെങ്കിലേ ഉറക്കമിളച്ചു പഠിച്ച് എത്തേണ്ടിടത്ത് എത്തനാവൂ. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനാവൂ. ലക്ഷ്യമിട്ടിരിക്കുന്നത് ഐഎഎസ് ആണെങ്കിലോ? പറയേണ്ട കാര്യമില്ല. കോപ്പിയടിച്ചും തട്ടിപ്പുകൾ നടത്തിയും കൈക്കൂലി നൽകിയും സർക്കാർ ജോലി സംഘടിപ്പിച്ചതിന്റെ നിരവധി കഥകൾ ബിഹാറിൽ നിന്ന് നമ്മളെ തേടിയെത്തിയിട്ടുണ്ട്. ഇതേ ബിഹാറിൽ നിന്നാണ്, വളരെ പ്രചോദനകരമായ ഈ റെയിൽവേ പ്ലാറ്റ്ഫോമിന്റെ കഥയും പുറത്തുവന്നിട്ടുള്ളത്. ഇന്ന് കേന്ദ്ര, സംസ്ഥാന സർക്കാർ ലാവണങ്ങളിൽ സ്വജീവിതങ്ങൾ കരുപ്പിടിപ്പിച്ചിട്ടുള്ളത് ഈ പ്ലാറ്റ്ഫോമിലെ ലാമ്പുകളുടെ വെട്ടത്തിൽ ഉള്ള ഇരിപ്പിടങ്ങളിലും നിലത്തുമൊക്കെ വട്ടമിട്ടിരുന്നു രാത്രികൾ പകലുകളാക്കി കഷ്ടപ്പെട്ട് പഠിച്ചിട്ടുള്ള എത്രയോ പേരാണ്.
ഇത് ബിഹാറിലെ സാസാറാം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ആണ്. ഇവിടെ ഏറെ നിശബ്ദമായി ഉണ്ടായിട്ടുള്ള സിവിൽ സർവീസ് വിപ്ലവത്തെക്കുറിച്ച് ആദ്യമായി ലോകം അറിയുന്നത് ഐഎഎസ് ഓഫീസർ ആയ അവനീഷ് ശരൺ ചെയ്ത ഒരു ട്വീറ്റിലൂടെയാണ്.
"രാവിലെയും വൈകുന്നേരവും, ഒന്നാമത്തെയും രണ്ടാമത്തെയും പ്ലാറ്റ്ഫോമുകൾ രണ്ടു മണിക്കൂർ നേരത്തേക്ക് പിഎസ്‌സി കോച്ചിങ് സെന്ററുകളായി മാറും. അവിടെ സിവിൽ സർവീസ് മോഹികൾ വന്നു ചേക്കേറും. പിന്നെ പഠിത്തത്തോട് പഠിത്തമാണവിടെ. കൊള്ളാം. മികച്ച ഒരുദ്യമം തന്നെ" എന്നായിരുന്നു അവനീഷ് ശരന്റെ ട്വീറ്റ്.
ഇവിടെ സ്റ്റേറ്റ് പിഎസ്‌സി, ബാങ്ക് മത്സര പരീക്ഷകൾ, ഐഎഎസ്, ഐഐടി എന്നുവേണ്ട CAT പരീക്ഷയുടെ വരെ പരിശീലനത്തിന് വേണ്ടി വിദ്യാർഥികൾ വന്നിരിക്കാറുണ്ട് എന്നും അടുത്ത ട്വീറ്റിൽ അദ്ദേഹം തന്നെ കുറിച്ച്. ഒപ്പം 2002-03
കാലത്ത്, ബിഹാറിലെ നക്സൽ ബാധിത പ്രദേശമായ സസറാമിലെ ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധത്തിൽ തുടർച്ചയായുണ്ടായ മുടക്കത്തിൽ മനംമടുത്ത ചില വിദ്യാർഥികൾ, 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി ബന്ധം നിലനിൽക്കുന്ന സാസാരാം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലേക്ക് തങ്ങളുടെ പഠിത്തം പറിച്ചു നടുന്നത്. ആദ്യം വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉണ്ടായിരുന്നു എങ്കിലും, പിന്നാലെ അവരെ കണ്ട് പലരും പഠിത്തം അങ്ങോട്ടേക്ക് മാറ്റി.
ഈ വിളക്കുകളുടെ വെട്ടത്തിലിരുന്ന് പേടിച്ച് പലർക്കും സർക്കാർ ജോലികൾ കിട്ടി എങ്കിലും അവരിൽ പലരും വന്ന വഴി മറന്നില്ല. ആ സീനിയർ പഠിതാക്കൾ, അടുത്ത തലമുറയിലെ പിള്ളേരെ പഠിപ്പിക്കാൻ വേണ്ടി മടങ്ങിവന്നു. ക്‌ളാസ്സുകളെടുത്തു. തങ്ങളുടെ പ്ലാറ്റ് ഫോം പലരുടെയും ജീവിതങ്ങൾ ഇങ്ങനെ മാറ്റി മറിക്കുന്നത് ശ്രദ്ധയിൽ പെട്ട റയിൽവേ അധികാരികളും ഇവിടെ സ്ഥിരമായി വരുന്ന പഠിതാക്കളിൽ അഞ്ഞൂറോളം പേർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകി ക്രിയാത്മകമായി സഹകരിച്ചു.
എന്നാൽ, പിന്നീട്, 2019 ഒക്ടോബറിൽ, ഇവിടെ റെയിൽവേക്ക് എതിരായി നടന്ന ചില സമരങ്ങളിൽ ഈ പഠിതാക്കളിൽ ചിലർ തന്നെ പങ്കെടുത്തു എന്ന ഒരു വിഷയമുണ്ടായപ്പോൾ, റെയിൽവേ തങ്ങളുടെ പ്ലാറ്റ്‌ഫോം ഇങ്ങനെ പഠനാവശ്യങ്ങൾക്കു വേണ്ടി പ്രയോജനപ്പെടുത്തുന്നതിൽ നിന്ന് കുട്ടികളെ തടഞ്ഞുകൊണ്ട് ഉത്തരവിട്ടു. ഇത് നിരവധി വിദ്യാർത്ഥികളുടെ സർക്കാർ ജോലി എന്ന സ്വപ്നത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കി. എന്നാലും, റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിശ്ശബ്ദമായി നടന്ന ഈ സർക്കാർ ജോലിക്കുവേണ്ടിയുള്ള പ്രയത്നങ്ങളും അവയിൽ പലതിന്റെയും വിജയവും തെളിയിച്ചത് ഇച്ഛാശക്തിയുള്ളവർക്ക് സാഹചര്യങ്ങൾ മോശമായാലും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കും എന്നുതന്നെയാണ്.