
ദില്ലി: പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ കേന്ദ്രസർക്കാരിന്റെ നിയമപരിരക്ഷ ലഭിക്കുന്ന അഭയാർത്ഥികൾക്ക് സഹായം ചെയ്യുമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഇതിന്റെ ഭാഗമായി അഭയാർഥികൾക്ക് വേണ്ടി ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസൽ പറഞ്ഞു.
ഈ മാസം അവസാനമാകും ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുക. നിയമപരിരക്ഷ ലഭിക്കുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാര്‍ത്ഥികൾക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് വേണ്ടിയുള്ള സാഹങ്ങൾ ചെയ്യാൻ ക്യാമ്പുകൾ സ്ഥാപിക്കാനും വിഎച്ച്പി തീരുമാനിച്ചിട്ടുണ്ട്.
“നിയമങ്ങൾ സർക്കാർ അറിയിക്കുന്ന പക്ഷം മാസാവസാനത്തോടെ രാജ്യത്തുടനീളം ക്യാമ്പുകൾ ആരംഭിക്കും. അഭയാര്‍ത്ഥികളെ രേഖകൾ പൂരിപ്പിക്കാനും അവരുടെ രേഖകൾ പരിശോധിക്കാനും കഴിയുന്ന വിധത്തിൽ ഞങ്ങളുടെ പ്രവർത്തകർ സഹായിക്കും“-വിനോദ് ബൻസൽ പറഞ്ഞു. ആർഎസ്‌എസുമായി ബന്ധപ്പെട്ട സംഘടന ഇന്ത്യയിൽ 8,000 അഭയാര്‍ത്ഥികളെ പൗരത്വം നേടാൻ സഹായിച്ചിട്ടുണ്ടെന്നും ബൻസൽ പറഞ്ഞു.
ഹിന്ദുക്കൾ, സിഖുകാർ, ജൈനന്മാർ എന്നിവരുൾപ്പടെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുമായി സംഘടന ഇതിനോടകം കൂടിക്കാഴ്ചകൾ നടത്തി. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നതിന് വേണ്ടി അവരെ സഹായിക്കുകയാണെന്നും മറ്റൊരു വിഎച്ച്പി പ്രവർത്തകൻ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam