കുംഭമേളയെ മര്‍ക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയെന്ന് വിഎച്ച്പി

By Web TeamFirst Published Apr 15, 2021, 6:32 AM IST
Highlights

48 മണിക്കൂറിനുള്ളില്‍ 1000ല്‍ അധികം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷവും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള തുടരുമെന്നാണ് വിശ്വഹിന്ദു പരിഷത്ത് പ്രതികരിക്കുന്നത്.

കുംഭമേളയെ മര്‍ക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയാണെന്ന് വിശ്വഹിന്ദു പരിഷത്ത്. 48 മണിക്കൂറിനുള്ളില്‍ 1000ല്‍ അധികം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷവും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള തുടരുമെന്നാണ് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കുന്നതെന്ന് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് കൊവിഡ് 19 മഹാമാരി ആരംഭിച്ച സമയത്ത് ദില്ലിയിലെ നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന തബ്ലീഗി ജമാഅത്തുമായി കുംഭമേളയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നാണ് വിശ്വഹിന്ദുപരിഷത്ത് വൈസ് പ്രസിഡന്‍റ് ചംപത് റായ് ദി പ്രിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തബ്ലീഗി ജമാഅത്ത് ഒരു മതപരമായ ചടങ്ങേ ആയിരുന്നില്ലെന്നാണ് ചംപത് റായിയുടെ പ്രതികരണം. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തബ്ലീഗി ജമാഅത്തുമായി കുംഭമേളയ്ക്ക് താരതമ്യപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മഹാമാരിയുടെ ആരംഭകാലത്ത് നടന്ന മര്‍ക്കസ് രോഗം നിരവധിപ്പേരിലേക്ക് എത്തുന്നതിന് കാരണമായിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിനിടയിലാണ് ഹരിദ്വാറില്‍ കുംഭമേള നടക്കുന്നത്. ഏറെ പഴക്കമുള്ളതും സാമ്പ്രദായികവുമായ ഉത്സവമാണ് കുംഭമേളയെന്ന് റായ് പറയുന്നു. 12 വര്‍ഷത്തിനിടയില്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളും കുംഭമേളയ്ക്കുണ്ട്. മേളയില്‍ നിയന്ത്രിക്കേണ്ട ആവശ്യമില്ലെന്നും കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ പാലിക്കുന്നുണ്ടെന്നുമാണ് ചംപത് റായ് ദി പ്രിന്‍റിനോട് പ്രതികരിച്ചത്. കുംഭമേളയെ തബ്ലീഗ് ജമാഅത്തുമായി താരതമ്യം ചെയ്യുന്നതിനെതിരെ രൂക്ഷമായാണ് വിഎച്ച്പി ജോയിന്‍റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പ്രതികരിച്ചതെന്നാണ് ദി പ്രിന്‍റ് റിപ്പോര്‍ട്ട്.

കുംഭമേളയ്ക്ക് സര്‍ക്കാരിന്‍റെ അനുമതിയുള്ളതാണെന്നും ഒളിപ്പിച്ച് നടത്തുന്ന ഒന്നല്ലെന്നും സുരേന്ദ്ര ജെയിന്‍ പറയുന്നു. കുംഭമേള മതപരമായ അചാരമാണ് മര്‍ക്കസ് പോലെ അല്ല. മുസ്ലിം ആധിപത്യം പ്രകടിപ്പിക്കാന്‍ നടത്തുന്ന മര്‍ക്കസ് പോലെ അല്ല അത്. കുംഭമേളയെ മര്‍ക്കസുമായി താരതമ്യം ചെയ്യുന്നത് അഴുക്കുവെള്ളത്തോട് ഗംഗാ ജലത്തെ ഉപമിക്കുന്നത് പോലെയാണെന്നും സുരേന്ദ്ര ജയിന്‍ ദി പ്രിന്‍റിനോട് പ്രതികരിച്ചു. കുംഭമേള നടക്കുന്നത് ധര്‍മ്മത്തിന്‍റെ അനുഗ്രഹത്തോടെ ആയതിനാല്‍ മേള നിര്‍ത്തിവയ്ക്കേണ്ടതിന്‍റേയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ടതില്ലെന്നും സുരേന്ദ്ര ജെയിന്‍ ദി പ്രിന്‍റിനോട് പ്രതികരിച്ചു. കുംഭമേള തുടരുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരത്ഥ് സിംഗ് റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഗംഗാ ദേവിയുടെ അനുഗ്രഹം മൂലം കുംഭമേളയില്‍ കൊവിഡ് വൈറസ് പടരില്ലെന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നാലുമാസം നീളുന്ന കുംഭമേള ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ 30 ഏപ്രില്‍ വരെയാണ് നടത്തുന്നത്. 12 വര്‍ഷം കൂടുമ്പോള്‍ നടത്തുന്നത് മൂലം ആള്‍ക്കുട്ടത്തെ പിടിച്ചുനിര്‍ത്തുക പ്രാവര്‍ത്തികമല്ലെന്നും ചെയ്യാന്‍ സാധിക്കുന്നത് കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക മാത്രമാണെന്നും ഉത്തരാഖണ്ഡ് ക്യാബിനറ്റ് മന്ത്രി ബാന്‍ഷിധര്‍ ഭഗത് ദി പ്രിന്‍റിനോട് പറഞ്ഞു.

സര്‍ക്കാരിന്‍റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് കുംഭമേളയ്ക്കെത്തിയവര്‍ മാസ്ക് പോലുമില്ലാതെ ഹരിദ്വാറിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് രാഷ്ട്രീയ താല്‍പര്യങ്ങളാണ് വിശ്വാസികളുടെ താല്‍പര്യങ്ങളെ പിന്തുണയ്ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ബിജെപി നേതാവ് ദി പ്രിന്‍റിനോട് വിശദമാക്കിയത്. ചൊവ്വാഴ്ച ശേഖരിച്ച 20000 സാംപിളുകളില്‍ 110 പേര്‍ കൊവിഡ് പോസിറ്റീവായെന്നാണ് കുംഭമേളയുടെ കൊവിഡ് ടെസ്റ്റിംഗ് സെല്‍ ബിബിസിയോട് പ്രതികരിച്ചിരുന്നു. 

click me!