
ദില്ലി: ഗുജറാത്തിൽ വമ്പൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിന് ഇന്ന് തുടക്കം. രാവിലെ ഗാന്ധി നഗറിലെ മഹാത്മാ മന്ദിറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. യുഎഇ പ്രസിഡന്‍റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ മുഖ്യാതിഥിയാവും. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ ഇന്നലെ ഒപ്പുവച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചെക് റിപ്പബ്ലിക് പ്രധാനമന്ത്രിയുമായും നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തും. പരിപാടിയിൽ പങ്കെടുക്കുന്ന വിവിധ രാഷ്ട്രതലവൻമാരും പ്രതിനിധികളും വൈകിട്ട് സബർമതി ആശ്രമം സന്ദർശിക്കും.
സമ്മിറ്റിന് മുന്നോടിയായി നരേന്ദ്ര മോദിയുമായി യുഎഇ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി ബന്ധം ശക്തമാക്കുമെന്ന് യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഉണ്ടായെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു. അഹമ്മദാബാദിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങളെയും ചേർത്തു നിർത്തുന്ന ഘടകങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam