
ദില്ലി: ദില്ലി അംബേദ്കർ സർവ്വകലാശാലയിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് വിജയം. 45 സീറ്റിൽ 24 സീറ്റും വിജയിച്ച എസ് എഫ് ഐ സർവകലാശാല യൂണിയൻ ഭരണവും പിടിച്ചെടുത്തു. ആറു വർഷത്തിന് ശേഷം സർവ്വകലാശാലയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് എസ് എഫ് ഐ അധികാരം പിടിച്ചെടുത്തത്. അംബേദ്കർ യൂണിവേഴ്സിറ്റി ദില്ലി സ്റ്റുഡന്റ്സ് കൗൺസിൽ ( എ യു ഡി എസ് സി ) തിരഞ്ഞെടുപ്പിൽ നാല് കാമ്പസുകളിലായി 45 കൗൺസിലർ സീറ്റുകളിൽ 24 ഉം എസ് എഫ് ഐ സ്വന്തമാക്കിയതോടെയാണ് ഭരണം ഉറപ്പിച്ചത്.
2018, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും എസ് എഫ് ഐ സർവകലാശാല യൂണിയൻ ഭരണം സ്വന്തമാക്കിയിരുന്നു. കൊവിഡ‍് അടക്കമുള്ള കാരണങ്ങളാൽ 2019 മുതൽ വിദ്യാർത്ഥി സംഘടനാ തിരഞ്ഞെടുപ്പുകൾ വൈകി. ഒടുവിൽ ആറ് വർഷത്തിനിപ്പുറവും എ യു ഡി എസ് സി സർവകലാശാലയിലെ ആധിപത്യം എസ് എഫ് ഐ നിലനിർത്തുകയായിരുന്നു.
അതേസമയം എസ് എഫ് ഐയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത കേരള സംസ്ഥാനത്ത് എസ് എഫ് ഐക്ക് പുതിയ നേതൃത്വമായി എന്നതാണ്. കണ്ണൂരിൽ നിന്നുള്ള പി എസ് സഞ്ചീവിനെ സംസ്ഥാന സെക്രട്ടറിയായും ആലപ്പുഴയിൽ നിന്നുള്ള എം ശിവ പ്രസാദിനെ പ്രസിഡന്റായും തെരഞ്ഞെടുത്തു. പി എം ആർഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികൾ. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി എസ് സഞ്ജീവ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനം ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പി ബിബിന്‍ രാജ്, താജുദ്ദീന്‍ പി, അഡ്വ. പി അക്ഷര, സാന്ദ്ര രവീന്ദ്രന്‍, കെ എസ് അമല്‍ എന്നവരെ വൈസ് പ്രസിഡന്റുമാരായും എന്‍ ആദില്‍, ടോണി കുരിയാക്കോസ്, കെ യു സരിത, സയ്യിദ് മുഹമ്മദ് സാദിഖ്, എസ് കെ ആദര്‍ശ് എന്നിവരെ ജോയിന്‍റ് സെക്രട്ടറിമാരായും സമ്മേളനം തിരഞ്ഞെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം