ദില്ലിയില്‍ കൊവിഡ് രോഗികള്‍ക്ക് ബന്ധുക്കളുമായി സംസാരിക്കാൻ വീഡിയോ കോൺഫറൻസ് സംവിധാനം

By Web TeamFirst Published Jun 25, 2020, 5:18 PM IST
Highlights

ചികിത്സയുള്ളവരെ കുറിച്ച് രോഗികളുടെ ബന്ധുക്കൾക്ക് വിവരം കിട്ടുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കാനാണ് വീഡിയോ കോൺഫറൻസ് സംവിധാനം ഏർപ്പെടുത്തുന്നത്.      

ദില്ലി: ദില്ലി എൽഎൻജെപി ആശുപത്രിയിൽ കൊവിഡ് ചികിത്സയുള്ളവർക്ക് ബന്ധുക്കളുമായി സംസാരിക്കാൻ വീഡിയോ കോൺഫറൻസ് സംവിധാനം ഏർപ്പാടാക്കി. ദില്ലിയിലെ കൊവിഡ് ആശുപത്രികളിൽ ചികിത്സ കഴിയുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. 

ദില്ലിയിലെ വലിയ കൊവിഡ് ആശുപത്രിയാണ് എൽഎൻജെപി. ഇവിടെ ആയിരത്തോളം രോഗികൾ ചികിത്സയിലുള്ളത്. പരിശോധനക്കും നിരവധി പേ‍ർ എത്തുന്നുണ്ട്. കൊവിഡ് ചികിത്സയിലുള്ള ബന്ധുക്കളുടെ വിവരങ്ങൾ അറിയാൻ ആശുപത്രിക്ക് മുന്നിലെത്തി ധാരാളം പേരാണ് ദിവസവും കാത്തിരിക്കുന്നത്. വിവരങ്ങൾ അറിയിക്കാനുള്ള ഹൈൽപ്ഡെസ്ക്കും സജീവമല്ലെന്ന് ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. നിലവിലെ അവസ്ഥയിൽ പല അന്വേഷണങ്ങൾക്കും ഉത്തരം നൽകാനാകുന്നില്ലെന്നാണ് അധികൃതർ സമ്മതിച്ചിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് വീഡിയോ കോൺഫറൻസ് സംവിധാനം ഏർപ്പെടുത്തുന്നത്.      

അതേസമയം, രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം സങ്കീർണമാകുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം ദില്ലിയിൽ ഏഴുപത്തിനായിരം കടന്നു. ഇതുവരെ 70390  പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3788 പേർക്ക് രോഗം സ്ഥിരീകരിച്ചു. ദില്ലിയിൽ ഇതുവരെ 2365 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദില്ലിയിൽ രോഗവ്യാപനതോത് കണ്ടെത്താൻ സെറോളജിക്കൽ സർവേ തുടങ്ങുമെന്ന് സർക്കാർ അറിയിച്ചു. ജൂലൈ ആറിന്  സർവേ പൂർത്തിയാക്കും. ഇരുപതിനായിരം സാമ്പിളുകൾ ശേഖരിക്കാനാണ് തീരുമാനം. 

Also Read: ദില്ലിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

click me!