
മുംബൈ: നവേനൽച്ചൂടിന് ആശ്വാസമേകിയാണ് ഇന്ത്യയിൽ ഓരോ വർഷവും മൺസൂൺ എത്തുന്നത്. മഴ അന്തരീക്ഷവും മണ്ണും തണുപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഈ മാറ്റങ്ങൾക്കൊപ്പം ചില അപ്രതീക്ഷിത സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇതിൽ പ്രധാന പ്രശ്നമാണ് മണ്ണിലെ മാളങ്ങളിൽ ഒളിച്ചിരിക്കുന്ന പ്രാണികളും ഇഴജന്തുക്കളും പുറത്തുവരുന്നത്.
മഴയെത്തിയാൽ കാണുന്ന പതിവ് കാഴ്ചകളെങ്കിലും ഇത്തരം ജീവികളും മനുഷ്യനും തമ്മിലുള്ള പ്രശ്നങ്ങൾ എപ്പോഴും പേടിപ്പെടുത്തുന്നതാണ്. അടുത്തിടെ സമാനമായ ഒരു സംഭവം നവി മുംബൈയിൽ നടന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മൺസൂൺ സീസൺ തുടങ്ങി ആദ്യ മഴയിൽ തന്നെ നവി മുംബൈയിലെ തെരുവുകൾ വെള്ളത്തിൽ മുങ്ങി. വെള്ളം നിറഞ്ഞ തെരുവുകളിലൂടെ ഒരു കൂറ്റൻ പെരുമ്പാമ്പ് നീന്തിപ്പോകുന്നതാണ് കാഴ്ച. വെളത്തിൽ നിന്ന് തലമാത്രം പൊക്കി നോക്കുന്ന പാമ്പിന്റെ വീഡിയോ അതിവേഗം വൈറലായി. വീഡിയോ കണ്ടവരെല്ലാം വലിയ ആശങ്കയും പങ്കുവയ്ക്കുന്നു.
ദൃശ്യങ്ങളിൽ റോഡിൽ താഴ്ന്ന ചില ഇടങ്ങളിൽ മാത്രം വെള്ളം നിറഞ്ഞുകിടക്കുന്നതാണ് കാണുന്നത് വലിയ വെള്ളപ്പൊക്കമൊന്നും ഉണ്ടാകാതെ, നഗരത്തിലും പ്രധാന റോഡിൽ എങ്ങനെ ഇത്തരം ഇഴജന്തുക്കൾ എത്തുന്നുവെന്നാണ് പലരുടെയും സംശയം. ഇത് വലിയ അപകടമാണെന്നും ആളുകൾ കമന്റ് ചെയ്യുന്നു.