'ലജ്ജയില്ലേ നിങ്ങൾക്ക്? വിമാനത്തിലെ സീറ്റ് വിവാദത്തിന് പിന്നാലെ പ്ര​ഗ്യാസിം​ഗിനെതിരെ പൊട്ടിത്തെറിച്ച് യാത്രക്കാർ

By Web TeamFirst Published Dec 23, 2019, 12:59 PM IST
Highlights

പ്ര​ഗ്യാസിം​ഗിനോട് ക്ഷുഭിതരായി പ്രതികരിക്കുന്ന യാത്രക്കാരെ ഈ വീഡിയോയിൽ കാണാൻ സാധിക്കും. ഈ സംഭവത്തെ തുടർന്ന് അന്നേ ദിവസം 45 മിനിറ്റോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. ഇതിനെതിരെ യാത്രക്കാർ രോഷത്തോടെ പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.

ഭോപ്പാൽ: ഫ്ലൈറ്റിൽ ബുക്ക് ചെയ്ത സീറ്റ് നൽകിയില്ലെന്ന പ്ര​ഗ്യാ സിം​ഗ് താക്കൂറിന്റെ പരാതിയെ തുടർന്നുള്ള സംഭവങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്ര​ഗ്യാസിം​ഗിനോട് ക്ഷുഭിതരായി പ്രതികരിക്കുന്ന യാത്രക്കാരെ ഈ വീഡിയോയിൽ കാണാൻ സാധിക്കും. ഈ സംഭവത്തെ തുടർന്ന് അന്നേ ദിവസം 45 മിനിറ്റോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. ഇതിനെതിരെ യാത്രക്കാർ രോഷത്തോടെ പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.

''നിങ്ങൾ ഒരു ജനപ്രതിനിധിയാണ്. ഞങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല നിങ്ങളുടെ ജോലി. നിങ്ങൾ അടുത്ത ഫ്ലൈറ്റിന് വരണമായിരുന്നു.'' പ്ര​ഗ്യാസിം​ഗിനോട് യാത്രക്കാരിലൊരാൾ പറയുന്നു. എന്നാൽ ഫസ്റ്റ് ക്ലാസ്സോ മറ്റ് സംവിധാനങ്ങളോ ഇല്ലാതിരുന്നിട്ടും ഇതേ ഫ്ലൈറ്റിൽ തന്നെ യാത്ര ചെയ്യേണ്ട അത്യാവശ്യം തനിക്കുണ്ടെന്നാണ് എംപിയുടെ വിശദീകരണം. ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്യുക എന്നത് നിങ്ങളുടെ അവകാശമല്ലെന്ന് യാത്രക്കാരൻ മറുപടി കൊടുക്കുന്നു. ''നിങ്ങൾ കാരണം മറ്റൊരാൾ ബുദ്ധിമുട്ടിലാകരുതെന്ന് ചിന്തിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. അമ്പതിലധികം ആളുകളെ ബുദ്ധിമുട്ടിക്കുന്നതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?'' എന്നാണ് യാത്രക്കാരന്റെ മറുചോദ്യം. 

കഴിഞ്ഞ ദിവസമാണ് ബുക്ക് ചെയ്ത സീറ്റ് നൽകിയില്ലെന്ന് പരാതിയുമായി പ്ര​ഗ്യാസിം​ഗ് താക്കൂർ രം​ഗത്തെത്തിയത്. ഡൽഹി-ഭോപ്പാൽ വിമാന യാത്രക്കിടെയായിരുന്നു പ്ര​ഗ്യാസിം​ഗിന്റെ പരാതി. എയർലൈൻസ് ജീവനക്കാർ തന്നോട് മോശമായി പെരുമാറിയെന്നും പ്ര​ഗ്യാ സിം​ഗ് പരാതിയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച ദില്ലി എയര്‍പോര്‍ട്ടിലേക്ക് വീല്‍ചെയറിലാണ് പ്രഗ്യാ സിംഗ് എത്തിയത്. എമര്‍ജന്‍സി നിരയിലാണ് സീറ്റ് ബുക്ക് ചെയ്തിരുന്നതെന്നും  ഈ നിരയില്‍ വീല്‍ചെയര്‍ യാത്ര അനുവദനീയമല്ലെന്നും അതിനാലാണ് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടതെന്നും സ്പൈസ് ജെറ്റ് വക്താവ് പറയുന്നു. 

സുരക്ഷയെക്കരുതി അവരോട് മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാൻ തങ്ങൾ അഭ്യർത്ഥിക്കുകയായിരുന്നു എന്നും പ്ര​ഗ്യാസിം​ഗ് ഇതിന് തയ്യാറാകാത്തതാണ് ഫ്ലൈറ്റ് വൈകാൻ കാരണമായെന്നും സ്പൈസ് ജെറ്റ് വക്താവ് കൂട്ടിച്ചേർക്കുന്നു. ''ബിജെപി എംപി എത്തിയത് വീൽചെയറിലായിരുന്നു. അത് മുൻകൂട്ടി ബുക്ക് ചെയ്തതായിരുന്നില്ല. മാത്രമല്ല, അവർ വീൽചെയറിലാണ് യാത്ര ചെയ്യുന്നത് എന്ന കാര്യം എയർലൈൻ ജീവനക്കാർക്ക് അറിവുണ്ടായിരുന്നില്ല.'' വക്താവ് വ്യക്തമാക്കുന്നു. ഫ്ലൈറ്റിൽ ജീവനക്കാർ എല്ലാവരും പറഞ്ഞിട്ടും പ്ര​ഗ്യാ സിം​ഗ് സീറ്റ് മാറാൻ തയ്യാറായില്ല. 

"

ഫ്ലൈറ്റ് വൈകുന്നതിൽ യാത്രക്കാർ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സീറ്റ് തർക്കം തുടർന്നു കൊണ്ടിരിക്കവേ പ്ര​ഗ്യാ സിം​ഗിനെ ഇറക്കിവിടാനും ചിലർ ആവശ്യപ്പെട്ടിരുന്നു. എസ്ജി2489 വിമാനത്തിൽ 1എ സീറ്റാണ് പ്ര​ഗ്യാസിം​ഗ് ബുക്ക് ചെയ്തിരുന്നത്. അവസാനം 1എയിൽ നിന്ന് 2ബിയിലേക്ക് സീറ്റ് മാറാൻ പ്ര​ഗ്യാ സിം​ഗ് തയ്യാറായി. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ തങ്ങൾ ഖേദിക്കുന്നുവെന്നും എന്നിരുന്നാലും യാത്രക്കാരുടെ സുരക്ഷയാണ് തങ്ങൾക്ക് പ്രധാനമെന്നും സ്പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി. 

ഭോപ്പാലിൽ വിമാനം ലാൻഡ്​ ചെയ്​തപ്പോൾ അതിൽ നിന്ന്​ പുറത്തിറങ്ങാൻ ആദ്യം പ്രഗ്യാസിംഗ് തയാറായില്ല. പിന്നീട്​ മാധ്യമങ്ങൾ എത്തിയതോടെയാണ്​ അവർ വിമാനത്തിൽ നിന്ന്​ പുറത്തിറങ്ങുകയും പരാതി നൽകുകയും ചെയ്​തത്​. തന്നെ സമീപിച്ച് മാധ്യമപ്രവർത്തകരോട് എയർലൈൻസ് ജീവനക്കാർ തന്നോട് അപമര്യാദയായി പെരുമാറി എന്ന്  പ്ര​ഗ്യാ സിം​ഗ് പറഞ്ഞു. ''ഞാൻ ബുക്ക് ചെയ്ത സീറ്റല്ല അവർ എനിക്ക് നൽകിയത്. ഞാനവരോട് നിയമങ്ങൾ കാണിക്കാൻ ആവശ്യപ്പട്ടു. അവർ തയ്യാറാകാത്തതിനെ തുടർന്ന് ഡയറക്ടറെ വിളിച്ച് പരാതി നൽകി.'' പ്ര​ഗ്യാസിം​ഗ് പറഞ്ഞു. എയർപോർട്ട് അധികൃതരുമായും പ്ര​ഗ്യാസിം​ഗുമായും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും പരാതി സ്വീകരിച്ചതായും എയർപോർട്ട് ഡയറക്ടർ അനിൽ വിക്രം പറഞ്ഞു. തിങ്കളാഴ്ച പരാതി പരിശോധിക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐയോട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

പ്ര​ഗ്യാ സിം​ഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനപ്പുറം സംഭവങ്ങൾ ഉൾപ്പെട്ട ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയ്ക്ക് ഒന്നരമിനിറ്റ് ദൈർഘ്യമുണ്ട് 

click me!