
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ഡി എം കെ സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി തമിഴക വെട്രി കഴകം (ടി വി കെ) അധ്യക്ഷൻ വിജയ്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് മുതൽ തന്നെ തടയാൻ പല വഴികളിലൂടെ ശ്രമിച്ചെന്ന് വിജയ് പറഞ്ഞു. കരൂർ ദുരന്തവും ജനനായകൻ വിവാദവും തന്നെ തളർത്തിയില്ല. തന്റെ യോഗങ്ങൾ മുടക്കാൻ മാർഗരേഖ കൊണ്ടുവന്നു, അതും വിജയിച്ചില്ല. ഒടുവിൽ തന്റെ ചുറ്റുമുള്ള ആളുകളെ ഉപയോഗിക്കാൻ ശ്രമിച്ചു. അങ്ങനെ പല രീതിയിലുള്ള പരിശ്രമങ്ങൾ പരാജയപ്പെട്ടു. ഏറ്റവും ഒടുവിലാണ് തെരഞ്ഞെടുപ്പിന് 30 ദിവസം മുൻപ് വ്യക്തിപരമായി അപകീർത്തിപെടുത്താൻ ശ്രമം നടന്നതെന്നും അതും വിജയിച്ചില്ലെന്നും തിരുനെൽവേലിയിൽ നടന്ന കൂറ്റൻ റാലിയിൽ വിജയ് പറഞ്ഞു. തന്റെ വിവാഹമോചന ഹർജിക്ക് പിന്നിൽ ഇത്തരം രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഡി എം കെ ഗൂഢാലോചന ചൂണ്ടിക്കാട്ടി വിജയ് പരോക്ഷമായി ആരോപിച്ചത്.
തമിഴ്‌നാട്ടിലെ കോൺഗ്രസ് വോട്ടുകൾ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിർണ്ണായക നീക്കങ്ങളും വിജയ് റാലിയിൽ നടത്തി. തമിഴ്‌നാട് കോൺഗ്രസിനെ കോടികൾ നൽകി മുഖ്യമന്ത്രി സ്റ്റാലിൻ വിലയ്ക്കെടുത്തിരിക്കുകയാണെന്നും നിലവിലുള്ളത് ഒരു 'പണപ്പെട്ടി സഖ്യം' മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർ തനിക്കൊപ്പമാണെന്നും ഡി എം കെയും ബി ജെ പിയും ഒത്തുചേർന്ന് തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും വിജയ് ആരോപിച്ചു. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമല്ല, മറിച്ച് ജനങ്ങളുടെ രാഷ്ട്രീയമാണ് തന്റെ പാർട്ടി മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അണ്ണാദുരൈയുടെയും കാമരാജിന്റെയും സുവർണ്ണ ഭരണം തമിഴ്‌നാട് എത്രയോ വർഷങ്ങളായി ആഗ്രഹിക്കുന്നുണ്ടെന്നും അത് തിരികെ നൽകാൻ ടി വി കെയ്ക്ക് കഴിയുമെന്നും വിജയ് അവകാശപ്പെട്ടു. കരൂരിലെ വിവാദങ്ങളോ മറ്റ് ആരോപണങ്ങളോ തന്നെ തളർത്തില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം തമിഴ് ജനതയോട് ഒരൊറ്റ അവസരം മാത്രമാണ് ചോദിക്കുന്നത്. അഴിമതിരഹിതവും ജനകീയവുമായ ഒരു ഭരണം ഉറപ്പുനൽകുന്ന വാക്കുകളിലൂടെ തമിഴ് രാഷ്ട്രീയത്തിൽ മുന്നേറാമെന്നാണ് വിജയിന്‍റെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam