
ദില്ലി: വായ്പാ തട്ടിപ്പ് നടത്തി ബ്രിട്ടണിലേക്ക് മുങ്ങിയ വിവാവ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്കെത്തിക്കുന്നത് വൈകിയേക്കും. അൽപം കൂടി കാത്തിരിക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് അറിയിച്ചു. ചില നിയമപ്രശ്നങ്ങൾ കൂടി പരിഹരിക്കാനുണ്ട്. എത്രയും വേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്നാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവിന്‍റെ വിശദീകരണം.
എന്നാൽ, എന്താണ് നിയമതടസങ്ങളെന്ന് വിശദീകരിക്കാൻ ഹൈക്കമ്മീഷൻ വക്താവ് തയാറായില്ല. നാടുകടത്തുന്നത് തടയണമെന്ന മല്യയുടെ ഹർജി മെയ് 14ന് ബ്രിട്ടണിലെ കോടതി തള്ളിയിരുന്നു. ബ്രിട്ടീഷ് നിയമപ്രകാരം നാടുകടത്തൽ ഉത്തരവിട്ടാൽ 28 ദിവസത്തിനകം നടപ്പാക്കണം. മല്യയെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതാണ് ഇന്നലെ ചില വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
മല്യയെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായായിരുന്നു റിപ്പോർട്ട്. മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് കൊണ്ടു വന്നേക്കുമെന്നായിരുന്നു സൂചന. വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷമാണ് മല്യ വിദേശത്തേക്ക് കടന്നത്.
2016 മാർച്ച് രണ്ടിനായിരുന്നു ഇത്. ബ്രിട്ടണിലേക്ക് പോയ മല്യ ഇവിടെ കഴിയുകയായിരുന്നു. ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അവസാനത്തെ ഹർജിയും മെയ് 14ന് യുകെ കോടതി തള്ളിയതോടെയാണ് ഇദ്ദേഹത്തെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ വഴി തുറന്നത്. ബ്രിട്ടണിൽ നിന്ന് തിരികെയുള്ള യാത്രയുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങൾ പൂർത്തിയായെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam