
ചെന്നൈ : കരൂരിൽ തമിഴക വെട്രി കഴകം പരിപാടിക്കിടെ തിക്കിലും തിരക്കിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ നടനും പാർട്ടി അധ്യക്ഷനുമായ വിജയ് നേരിട്ടെത്തി കണ്ടു. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. 37 കുടുംബങ്ങളാണ് മഹാബലിപുരത്തേക്ക് എത്തിയിരുന്നത്. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്.
എല്ലാ കുടുംബങ്ങൾക്കും തമിഴക വെട്രി കഴകം സാമ്പത്തിക സഹായവും കുട്ടികളുടെ വിദ്യാഭ്യാസ സഹായവും ഉറപ്പുനൽകിയിട്ടുണ്ട്. ദുരിതത്തിലായ കുടുംബങ്ങൾക്ക് നേരിട്ട് അനുശോചനം അറിയിക്കുന്നതിനും പിന്തുണ വാഗ്ദാനം ചെയ്യുന്നതിനുമായാണ് ടി.വി.കെ. വിജയുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചത്. മുറികളിൽ നേരിട്ടെത്തിയാണ് ഓരോ കുടുംബത്തെയും വിജയ് കണ്ടത്. എല്ലാവർക്കും വിജയ് സാമ്പത്തിക സഹായം ഉറപ്പുനൽകിയതായാണ് വിവരം.
കറൂരിൽ നിന്ന് 37 കുടുംബങ്ങളെയാണ് മഹാബലിപുരത്തേക്ക് കൊണ്ടുവന്നത്. പാർട്ടി ബുക്ക് ചെയ്ത 50 ഓളം മുറികളുള്ള റിസോർട്ടിൽ വെച്ച് വിജയ് ഓരോ കുടുംബാംഗങ്ങളെയും വ്യക്തിഗതമായി കണ്ടു. ദുരിതമനുഭവിക്കുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്ന് വിജയ് ഉറപ്പുനൽകി.
കഴിഞ്ഞ മാസം ടിവികെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. സംഭവത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനായി സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam