ഗുജറാത്തില്‍ മുഖംമിനുക്കലോ?; മൂന്ന് മാസത്തിനിടെ രാജിവെക്കുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രി

By Web TeamFirst Published Sep 11, 2021, 9:52 PM IST
Highlights

2016 ല്‍ അപ്രതീക്ഷിതമായായിരുന്നു മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേലിന്റെ രാജിയും പിന്നാലെയുള്ള വിജയ് രൂപാണിയുടെ സ്ഥാനാരോഹണവും. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഗുജറാത്തില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്.
 

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജിവെക്കുന്നത് മൂന്നാമത്തെ ബിജെപി മുഖ്യമന്ത്രി. കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരായ ത്രിവേന്ദ്ര സിങ് റാവത്ത്, തീരഥ് സിങ് റാവത്ത് എന്നിവരാണ് മുമ്പ് രാജിവെച്ചത്. കര്‍ണാടകയില്‍ ആഭ്യന്തര പ്രശ്‌നങ്ങളാണ് യെദിയൂരപ്പയുടെ രാജിയിലേക്ക് നയിച്ചത്. കൊവിഡ് കൈകാര്യം ചെയ്തതിലുണ്ടായ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് വിജയ് രൂപാണിക്ക് തിരിച്ചടിയായത്. രൂപാണിയുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്ര നേതൃത്വത്തിനുണ്ടായ അതൃപ്തിയാണ് അപ്രതീക്ഷിത രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് പാര്‍ട്ടിക്ക് മുഖം മിനുക്കല്‍ അത്യാവശ്യമായതിനെ തുടര്‍ന്നാണ് രൂപാണിക്ക് സ്ഥാനചലനമുണ്ടായത്. പുതിയ മുഖ്യമന്ത്രിയെ നിയമിച്ച് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സംസ്ഥാനത്ത് തിരിച്ചടി നേരിടുന്നത് ബിജെപിക്ക് അചിന്തനീയമാണ്. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് ചൊവ്വാഴ്ച ബിജെപി യോഗം ചേരും. 

2016 ല്‍ അപ്രതീക്ഷിതമായായിരുന്നു മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേലിന്റെ രാജിയും പിന്നാലെയുള്ള വിജയ് രൂപാണിയുടെ സ്ഥാനാരോഹണവും. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഗുജറാത്തില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. രൂപാണിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലാണ് പുതിയ മുഖ്യമന്ത്രിയെ പരീക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപിയെ എത്തിച്ചത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചതോടെ പ്രധാനമന്ത്രി പങ്കെടുത്ത സര്‍ദാര്‍ ദാം കോംപ്ലക്‌സിന്റെ ഉദ്ഘാടനത്തിന് ശേഷം ഗവര്‍ണറെ കണ്ട് വിജയ് രൂപാണി രാജി സമര്‍പ്പിക്കുകയായിരുന്നു.

തനിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന പട്ടേല്‍ വിഭാഗക്കാരുടെ പരിപാടിയിലാണ് മുഖ്യമന്ത്രി എന്ന നിലയില്‍ വിജയ്‌രൂപാണി ഒടുവില്‍ പങ്കെടുത്തത് എന്നത് ശ്രദ്ധേയമാണ്. 2017 നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിയര്‍ത്തപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളിലും മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനമുണ്ടായിരുന്നു. ഗുജറാത്തിലുണ്ടായിരുന്ന സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഉന്നതതല യോഗം ചേര്‍ന്നു. എല്ലാ ബിജെപി എംഎല്‍എമാരോടും രാത്രിയോടെ സംസ്ഥാനത്ത് എത്താന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അടക്കമുള്ളവരുടെ പേരുകളാണ് അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!