
ചെന്നൈ: തമിഴ്‌നാട് ഭരണസിരാകേന്ദ്രത്തിലെ കാലഹരണപ്പെട്ട പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്തി പുതിയ മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രിയുടെ കസേരയിൽ വെള്ളത്തുണി വിരിക്കുന്ന പരമ്പരാഗത രീതിയാണ് അദ്ദേഹം ഒഴിവാക്കിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വക്താക്കൾ പുറത്തുവിട്ട ചിത്രങ്ങളിലാണ് കസേരയിൽ ടവ്വൽ ഇല്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടത്. കൗമാരക്കാരിയായ പ്രമുഖ കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ കംഗുജം പ്ലാറ്റ്‌ഫോമിലൂടെ നടത്തിയ അഭ്യർത്ഥനയ്ക്ക് പിന്നാലെയാണ് വിജയിന്റെ ഈ അതിവേഗ നടപടി.
മെയ് 14ന് നടന്ന വ്യവസായ-വാണിജ്യ വകുപ്പുകളുടെ അവലോകന യോഗത്തിൽ പങ്കെടുത്ത വിജയിന്റെ കസേരയിൽ വെള്ള ടവ്വൽ ഉണ്ടായിരുന്നു. മെയ് 15 വെള്ളിയാഴ്ച ടാഫെ ചെയർപേഴ്‌സൺ മല്ലിക ശ്രീനിവാസൻ, വൈസ് ചെയർപേഴ്‌സൺ ഡോ. ലക്ഷ്മി വേണു എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളിൽ ടവ്വൽ പൂർണ്ണമായും ഒഴിവാക്കിയതായി കാണാം. മന്ത്രിമാർ മുതൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ വരെ കസേരകളിൽ ടവ്വൽ ഉപയോഗിക്കുന്നത് വിഐപി സംസ്‌കാരത്തിന്റെയും അധികാര ശ്രേണിയുടെയും അടയാളമാണെന്നും ഇത് മാറ്റണമെന്നുമായിരുന്നു ലിസിപ്രിയയുടെ ആവശ്യം. നടപടിക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് ലിസിപ്രിയ നന്ദി അറിയിക്കുകയും ചെയ്തു.
കൊളോണിയൽ കാലഘട്ടത്തിൽ എയർകണ്ടീഷണറുകൾ ഇല്ലാതിരുന്ന സമയത്താണ് കസേരകളിൽ കോട്ടൺ വെള്ള ടവ്വലുകൾ ഉപയോഗിച്ച് തുടങ്ങിയത്. ഇന്ത്യയിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ വിയർപ്പ് ആഗിരണം ചെയ്യാനും കസേരകളിലെ തുണികൾ കേടാകാതിരിക്കാനുമായിരുന്നു ഇത്. പിന്നീട് ഇത് വൃത്തിയുടെയും ഭരണസംവിധാനത്തിന്റെയും പ്രതീകമായി മാറുകയും എസി ഓഫീസുകളായിട്ടും ഈ രീതി തുടരുകയുമായിരുന്നു. തമിഴക വെട്രി കഴകം സഖ്യത്തിന്റെ നേതൃത്വത്തിൽ മെയ് 10-ന് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്, ആദ്യ ആഴ്ചയിൽ തന്നെ സ്കൂളുകൾക്കും ബസ് സ്റ്റാൻഡുകൾക്കും സമീപമുള്ള എഴുനൂറിലധികം ടാസ്മാക് (TASMAC) മദ്യശാലകൾ നിർത്തലാക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഐപി സംസ്‌കാരത്തിനെതിരെയുള്ള പുതിയ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam