
ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി വി കെ) വീണ്ടും പൊതുജന സമ്പർക്ക പരിപാടികളുമായി സജീവമാകുന്നു. ഇൻഡോർ പൊതുയോഗ പരമ്പരയിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള തീരുമാനത്തിലാണ് വിജയ്. കാഞ്ചീപുരത്തെ കോളേജ് ക്യാംപസിൽ ഇന്ന് ആദ്യ പരിപാടി സംഘടിപ്പിക്കും. ഇന്നത്തെ യോഗത്തിൽ 2000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ടി വി കെ നേതാക്കൾ അറിയിച്ചു. ക്യു ആർ കോഡ് അടങ്ങിയ ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമേ കോളേജ് ക്യാംപസിലേക്ക് പ്രവേശനം ഉണ്ടാകൂ എന്നും ടി വി കെ വ്യക്തമാക്കി. ടിക്കറ്റില്ലാത്ത ആരും സ്ഥലത്ത് എത്തരുതെന്നും പാർട്ടി ആവശ്യപ്പെട്ടു. ഇതേ മാതൃകയിൽ മറ്റ് ജില്ലകളിലും ഇൻഡോർ സംവാദ യോഗങ്ങൾ തുടർന്ന് നടത്തുമെന്നാണ് സൂചന. കരൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇൻഡോർ സംവാദങ്ങളിലേക്ക് ടി വി കെയും വിജയും കടക്കുന്നത്. 2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സംഘടനാ ശേഷി ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
അതേസമയം 2026 ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഡി എം കെയുമായി ചർച്ച നടത്താൻ കോൺഗ്രസ് സമിതിയെ നിയോഗിച്ചു. എം കെ സ്റ്റാലിന്‍റെ പാർട്ടിയുമായി സഹകരണം തുടരുന്ന കാര്യത്തിലടക്കം ചർച്ചക്കായി 5 അംഗ സമിതിയെ ആണ് ഹൈക്കമാൻഡ് നിയോഗിച്ചിട്ടുള്ളത്. സീറ്റ് ചർച്ചയ്ക്കായി സമിതിയെന്നാണ് എ ഐ സി സി അറിയിക്കുന്നത്. വിജയ് യുടെ പാർട്ടിയായ ടി വി കെയുമായി സഖ്യം വേണമെന്ന ആവശ്യം തമിഴ്നാട് പി സി സിയിൽ ശക്തമായതോടെയാണ് നടപടിയെന്നാണ് വ്യക്തമാകുന്നത്.
കെ സി വേണുഗോപാൽ വിജയ് യുടെ ടി വി കെയുമായി സഖ്യത്തിന് വേണ്ടി വാദിക്കുന്നുവെന്ന പ്രചാരണം തമിഴ്നാട്ടിലുണ്ട്. വിജയ് യുമായുള്ള സഖ്യം കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പിൽ സഹായിക്കുമെന്ന് കേരളത്തിലെ നേതാക്കൾ പറയുന്നു എന്നാണ് തമിഴ്നാട്ടിലെ നേതാക്കളുടെ അവകാശവാദം. സ്റ്റാലിനെ കൈവിടരുതെന്ന് നെഹ്‌റു കുടുംബം നിലപാട് എടുത്തതോടെ ടി വി കെയുമായുള്ള ചർച്ചകൾ ഉപേക്ഷിച്ചെന്നാണ് അഭ്യൂഹം. ഡി എം കെയുമായുള്ള സീറ്റ് ചർച്ചക്ക് ഹൈക്കമാൻഡ് നിയോഗിച്ച സമിതിയെ സ്വാഗതം ചെയ്ത് മുതിർന്ന നേതാവ് പി ചിദംബരം രംഗത്തെത്തി. അനാവശ്യ അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻ ഈ നടപടി സഹായിക്കുമെന്ന് ചിദംബരം അഭിപ്രായപ്പെട്ടു.